ചേലക്കരയുടെ ചരിത്രം

 


AD 1810 നും 1823 നും മധ്യേ ചേലക്കര സന്ദര്‍ശിച്ച ലെഫ്റ്റനന്റ് വാര്‍ഡ്, ചേലക്കരയ്ക്കു മുന്‍പായി ഒരു നദിക്കു കുറുകെയുളള പാലം കടന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. ചേലക്കരയുടെ നാമകരണത്തിനു കാരണം ഈ നദി അഥവാ ചോലയാകാം. ചോല ലോപിച്ച് ചേലയായതും പ്രദേശം എന്ന അര്‍ത്ഥത്തില്‍ കര ചേര്‍ന്നതും സമന്വയിച്ചുണ്ടായതാകാം ചേലക്കര. ചേല വില്‍ക്കാന്‍ വന്ന തമിഴ് കച്ചവടക്കാരില്‍ നിന്നുമാണ് പേരു വന്നതെന്നും, ചേലയുടെ കരപോലെ സുന്ദരമായ നാടായതിനാലാണെന്നും പറയപ്പെടുന്നു. എന്നാല്‍ പൊതുവെ അംഗീകരിക്കപ്പെട്ട വാദം ചേലക്കരയുടെ വൃക്ഷസമ്പത്തുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരുകാലത്ത് ചേലക്കരയിലെ റോഡുകള്‍ക്കിരുവശവും ധാരാളം ആല് തുടങ്ങിയ ചേലവൃക്ഷങ്ങള്‍ തിങ്ങിവളര്‍ന്നിരുന്നു. ചേല മരങ്ങളുളള കര എന്നതില്‍ നിന്നാണ് ചേലക്കര എന്നായത് എന്നും പറയപ്പെടുന്നു. ഈ പഞ്ചായത്തിലെ പല സ്ഥലങ്ങള്‍ക്കും ഇത്തരത്തിലുളള വ്യാഖ്യാനങ്ങളുണ്ട്. തോന്നൂര്‍ നമ്പ്യാര്‍മാര്‍ ഭരിച്ചനാട് തോന്നൂര്‍ക്കരയും മേലെയുളള പാടം (സ്ഥലം) മേപ്പാടവും, ചെറിയ ചെറിയ മലകളുളള സ്ഥലം കുറുമലയും ആണെന്നു കരുതുന്നു. കൊച്ചി രാജാവിന്റെ നിര്‍ദ്ദേശ പ്രകാരം വരുത്തിയ പത്തു മുസ്ലിം കുടുംബങ്ങള്‍ താമസിച്ച സ്ഥലം പത്തുകുടിയാണെന്ന് പറയപ്പെടുന്നു.

ചേലക്കര പഞ്ചായത്ത് 1929ല്‍ രൂപീകൃതമായതായി ലഭ്യമായ രേഖകള്‍ വ്യക്തമാക്കുന്നു. ഇന്നത്തെ ശ്രീമൂലം തിരുനാള്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍ സ്ഥിതി ചെയ്യുന്ന അന്നത്തെ കൊച്ചി രാജ്യത്തിന്റെ കോവിലകത്ത്, കൊച്ചി രാജാവാണ് പഞ്ചായത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. കൊച്ചി രാജ്യത്ത് നിലവിലുണ്ടായിരുന്ന പഞ്ചായത്തുകളില്‍ ഒന്നായിരുന്നു ചേലക്കര.ചേലക്കര പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റ് കോന്ത സ്വാമിയായിരുന്നു. തുടര്‍ന്ന് കോന്നാനത്ത് ഗോവിന്ദമേനോന്‍ , കോന്നനാത്ത് ശങ്കരമേനോന്‍ എന്നിവര്‍ പഞ്ചായത്ത് പ്രസിഡന്റുമാരായി. പ്രസിഡന്റുമാരെ രാജകുടുംബത്തില്‍ നിന്നായിരുന്നു നാമനിര്‍ദ്ദേശം ചെയ്തിരുന്നത്. ഇവര്‍ക്കുശേഷം കോന്നനാത്ത് രാഘവമേനോന്‍ , ആനങ്ങാട്ടു കൊച്ചുഗോവിന്ദമേനോന്‍ , തിരുത്തിയില്‍ കൊച്ചുണ്ണി നായര്‍ , തിരുത്തിയില്‍ കുഞ്ഞന്‍നായര്‍ എന്നിവര്‍ യഥാക്രമം പഞ്ചായത്തു പ്രസിഡന്റുമാരായി. ഈ കാലഘട്ടത്തിലാണ് പഞ്ചായത്ത് ഓഫീസ് കോവിലകത്തുനിന്നും മാറ്റിയത്. ജനാധിപത്യ രീതിയില്‍ ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ പഞ്ചായത്ത് സമിതി 1953ല്‍ നിലവില്‍ വന്നു. നമ്പിയത്ത് കൃഷ്ണന്‍കുട്ടി നായര്‍ പ്രസിഡന്റും , കെ.പി. ശങ്കരനെഴുത്തശ്ശന്‍ വൈസ് പ്രസിഡന്റുമായ ഭരണസമിതിയില്‍ എട്ടംഗങ്ങള്‍ ഉണ്ടായിരുന്നു. 1963 ഡിസംബര്‍ 31 വരെ ഈ ഭരണസമിതി നിലനിന്നു. 1964 ജനുവരി 1 ന് രാമന്‍കണ്ടത്ത് കൃഷ്ണന്‍നായര്‍ പ്രസിഡന്റായ ഭരണസമിതി നിലവില്‍ വന്നു. ആകെ ഒമ്പതു വാര്‍ഡുകളാണ് ഉണ്ടായിരുന്നതെങ്കിലും ഒരു വാര്‍ഡില്‍ പൊതു വിഭാഗത്തില്‍പ്പെട്ട സ്ഥാനാര്‍ത്ഥി കൂടാതെ പട്ടികജാതി വിഭാഗത്തില്‍ നിന്നുകൂടി ഒരാളെ തെരഞ്ഞെടുക്കേണ്ടതുണ്ടായിരുന്നു. കൂടാതെ ഒരു വനിതയെയും ഭരണസമിതി അംഗമായി നാമനിര്‍ദ്ദേശം ചെയ്യേണ്ടിയിരുന്നു. ഇപ്രകാരം പതിനൊന്ന് അംഗങ്ങളാണ് ഭരണസമിതിയിലുണ്ടായിരുന്നത്. 1967 ഫെബ്രുവരിയില്‍ കൃഷ്ണന്‍ നായര്‍ പ്രസിഡന്റു സ്ഥാനത്തുനിന്നും മാറിയതിനെ തുടര്‍ന്ന് കോന്നനാത്ത് ചന്ദ്രശേഖര മേനോന്‍ പ്രസിഡന്റായി ചുമതലയേറ്റു. 1979 സെപ്തംബര്‍ വരെ ഇദ്ദേഹം പഞ്ചായത്ത് പ്രസിഡണ്ടായി സേവനം അനുഷ്ടിച്ചു. 1979 സെപ്തംബറില്‍ പാറത്തൊടിയില്‍ രാമനാരായണന്‍ നായര്‍ പ്രസിഡന്റായി ഭരണസമിതി നിലവില്‍ വന്നു. 1984 സെപ്തംബര്‍ വരെ ഈ സമിതി ഭരണം നടത്തി. 1984 മുതല്‍ 1988 ജനുവരി 31 വരെ ഞ്ചായത്ത് സ്പെഷല്‍ ഓഫീസറുടെ ഭരണത്തിലായിരുന്നു. ഇക്കാലത്ത് ചേലക്കര സ്പെഷ്യല്‍ ഗ്രേഡ് പഞ്ചായത്തായി ഉയര്‍ത്തപ്പെട്ടു. 1988 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഇ.വേണുഗോപാല മേനോന്‍ പ്രസിഡന്റായി പുതിയ ഭരണ സമിതി നിലവില്‍ വന്നു. ആകെ 12 വാര്‍ഡുകളാണ് അക്കാലത്ത് ഉണ്ടായിരുന്നത്. 1995 സെപ്തംബറില്‍ ശ്രീവത്സ സേതുമാധവന്‍ പ്രസിഡന്റായ പുതിയ ഭരണ സമിതി ചുമതലയേറ്റു. പഞ്ചായത്തിന്റെ പ്രഥമ വനിതാ പ്രസിഡന്റാണിവര്‍ . പതിമൂന്നംഗ ഭരണസമിതിയാണ് ഇക്കാലയളവില്‍ ഉണ്ടായിരുന്നത്. തുടര്‍ന്ന് 2000ത്തില്‍ ടി. എം കൃഷ്ണന്‍ പ്രസിഡന്റായി അധികാരമേറ്റു. അന്നത്തെ ഭരണ സമിതിയില്‍ പതിനേഴ് അംഗങ്ങളാണുണ്ടായിരുന്നത്. 2005ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ സി. മുരുകേശന്‍ പ്രസിഡന്റായി,2010ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ലിസ്സി തോമസ്‌ പ്രസിഡന്റാവുകയും നിലവില്‍ ഭരണ നിര്‍വ്വഹണം നടത്തി വരികയും ചെയ്യുന്നു. ഈ ഭരണ സമിതിയില്‍ 22 അംഗങ്ങള്‍ ഉണ്ട്.

അലയടിച്ചുയര്‍ന്ന ദേശീയ പ്രസ്ഥാനത്തിന്റെ ഓളങ്ങള്‍ ചേലക്കരയിലും പ്രകടമായിരുന്നു. സ്വാതന്ത്ര്യ സമര സേനാനികളായിരുന്ന ചെമ്മാട്ടു മാധവന്‍ നായര്‍ , രാമചന്ദ്രയ്യര്‍ എന്നിവര്‍ ഈ പ്രദേശങ്ങളില്‍ സ്വാതന്ത്ര്യ സമരത്തിന്റെ ആവേശകരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ഇന്നത്തെ ശ്രീമൂലം തിരുനാള്‍ ഹൈസ്കൂളിന്റെ മുന്‍വശത്തുണ്ടായിരുന്ന ഗാന്ധി മൈതാനം എന്നറിയപ്പെട്ടിരുന്ന സ്ഥലത്ത് ദേശിയ പതാക ഉയര്‍ത്തലും പൊതുയോഗങ്ങള്‍ സംഘടിപ്പിക്കലും ഉണ്ടായിരുന്നതായി പഴയ തലമുറയില്‍പ്പെട്ടവര്‍ ഓര്‍ക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍