പ്രദേശത്ത് കനത്ത മഴയിലും മലവെള്ളപ്പാച്ചിലിലും ജനങ്ങൾ ദുരിതത്തിലായിരിക്കെ, മുള്ളൂർക്കര പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും ഉൾപ്പെടെയുള്ള ഭരണസമിതി അംഗങ്ങൾ വിനോദയാത്രയിൽ. ഈ സാഹചര്യത്തിൽ ജനങ്ങൾക്ക് സംരക്ഷണം നൽകേണ്ടവർ അപ്രത്യക്ഷരായതിൽ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി പെയ്ത മഴയിൽ മുള്ളൂർക്കര പഞ്ചായത്തിലെ ആറ്റൂർ മനപ്പടിയിൽ മലവെള്ളപ്പാച്ചിൽ ഉണ്ടായതും കാട്ടാനകൾ ജനവാസ മേഖലകളിൽ ഇറങ്ങി നാശനഷ്ടങ്ങൾ വരുത്തിയതും ജനങ്ങളെ ഭീതിയിലാഴ്ത്തിയിരുന്നു. ഇതിനിടെ, കഴിഞ്ഞ ദിവസം ഒരു യുവതിയെ കാട്ടാന ഓടിച്ചത് വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു.
ദുരന്തസമയങ്ങളിൽ ജനങ്ങൾക്ക് താങ്ങും തണലുമായി നിൽക്കേണ്ട ഭരണസമിതി അംഗങ്ങൾ ഉല്ലാസയാത്രയിലാണെന്ന് ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളിൽ വൻ വിമർശനമാണ് ഉയരുന്നത്. ഭരണസമിതി അംഗങ്ങൾ വിനോദയാത്രയിൽ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങൾ സഹിതമാണ് പ്രദേശവാസികൾ രോഷം പ്രകടിപ്പിക്കുന്നത്.
ജനങ്ങളുടെ ദുരിതങ്ങൾ പരിഹരിക്കാതെ വിനോദയാത്ര നടത്തുന്ന ഭരണസമിതിയുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്തിക്കൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്.

0 അഭിപ്രായങ്ങള്‍