രാജ്യത്തെ ആദ്യ ആരോഗ്യനഗരമാകാനുള്ള പദ്ധതിക്ക്‌ വടക്കാഞ്ചേരി നഗരസഭ തയ്യാറെടുക്കുന്നു. ആരോഗ്യകരമായ ജീവിതത്തിലേക്ക് പഠനപരിപാടികളിലൂടെയും ബോധവത്‌കരണത്തിലൂടെയും നഗരസഭയിലെ എല്ലാ ജനവിഭാഗങ്ങളെയും എത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. രാജ്യത്ത് ആദ്യമായാണ് നഗരസഭ നവീന ആശയ പദ്ധതി യാഥാർഥ്യമാക്കുന്നത്.

വാർദ്ധക്യത്തിലേക്ക് എത്തുന്നവർക്ക് ആരോഗ്യകരമായ ജീവിതാവസ്ഥ പ്രദാനം ചെയ്യുന്നതിന് നഗരസഭ പദ്ധതി തയ്യാറാക്കും. പദ്ധതിയുടെ പ്രാരംഭഘട്ട പരിപാടികൾക്കായി അഞ്ച് ലക്ഷം രൂപ നഗരസഭ വകയിരുത്തി.

ഹോംനഴ്‌സുമാർക്ക് ജെറിയാട്രിക് കെയർ പരിശീലനവും അംഗീകൃത സർട്ടിഫിക്കറ്റും നൽകും. കില, കേരള ആരോഗ്യ സർവകലാശാല എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. പദ്ധതിയുമായി ബന്ധപ്പെട്ട ആശയപരമായ പരിപാടികൾ കില ആസൂത്രണം ചെയ്യും.

മെഡിക്കൽ പരിശീലനങ്ങൾ കേരള ആരോഗ്യ സർവകലാശാല നിർവഹിക്കും.

പരിപാടിക്ക് ആവശ്യമായ പശ്ചാത്തലസൗകര്യവും സംഘാടനവും ഒരുക്കുക നഗരസഭയാണ്. ആരോഗ്യ നഗര പദ്ധതിക്ക് ആരോഗ്യ മന്ത്രി ഉൾപ്പെടെയുള്ളവർ അഭിനന്ദനം അറിയിച്ചിട്ടുണ്ടെന്ന് ചെയർമാൻ പി.എൻ. സുരേന്ദ്രൻ, എം.ആർ. അനൂപ് കിഷോർ, പി.ആർ. അരവിന്ദാക്ഷൻ, ഷീല മോഹൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

പദ്ധതിയുടെ ഉദ്ഘാടനം ലോക വയോജനദിനമായ ഒക്ടോബർ ഒന്നിന് രാവിലെ 9.30-ന് ആര്യംപാടത്ത് നഗരസഭ പകൽവീട്ടിൽ മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിക്കും.

പദ്ധതി നാളെ മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍