മച്ചാട് മാമാങ്കം


കുംഭച്ചൂടിനെ ഗൗനിക്കാത്ത തട്ടകദേശക്കാരുടെ ചുമലിലേറി ഗ്രാമവീഥികളെ പുളകമണിയിച്ച് നെല്‍വയലുകളെ ചവിട്ടിമെതിച്ച് ഹര്‍ഷാരവത്തോടെ മച്ചാടിന്‍റെ മണ്ണില്‍ മാമാങ്ക ദേശങ്ങളുടെ പൊയ്ക്കുതിരകളുമായി തട്ടകത്തുകാര്‍ നൃത്തംചവിട്ടുന്ന, ആര്‍പ്പുവിളികളുടെ അകമ്പടിയോടെ മച്ചാട് തിരുവാണിക്കാവ് ഭഗവതി ക്ഷേത്രം വലംചുറ്റിയിട്ടുള്ള കുതിരകളികളും തിറ, പൂതന്‍, ആണ്ടി, നായാടി തുടങ്ങിയ നാടന്‍ കലാരൂപങ്ങളും കുംഭക്കുടം എഴുന്നള്ളിപ്പും വാദ്യമേള താളലഹരിയും സമന്വയിച്ച്, കാതടപ്പിക്കുന്ന വെടിക്കെട്ടും ആയി മറ്റൊരു മാമാങ്കം......

മച്ചാട് മാമാങ്കം.

പൊയ്ക്കുതിരകളുടെയും പറപ്പുറപ്പാടിന്റെയും നാട്ടുത്സവമായ കുതിരവേലയാണ് മച്ചാട്ടുവേല, മച്ചാട് തിരുവാണിക്കാവ് വേല, മച്ചാട് മാമാങ്കം തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന മച്ചാട് മാമാങ്കം.

പൂരങ്ങളുടെ നാടായ തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിക്കടുത്ത് തെക്കുംകര പഞ്ചായത്തിൽ മച്ചാട് എന്ന ദേശത്ത് മച്ചാട് തിരുവാണിക്കാവ് ഭഗവതി ക്ഷേത്രത്തിലാണ് വർഷം തോറും കുംഭമാസത്തിൽ നടത്തിവരുന്ന കുതിരവേലയാണ് മച്ചാട് മാമാങ്കം. 

അഞ്ചു ദിവസത്തെ ഉത്സവത്തിന്റെ അവസാന നാളിൽ ഗംഭീരമായി അലങ്കരിച്ച കുതിരക്കോലങ്ങൾ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്നു.
കുതിരവേലയും ചെണ്ടമേളവും കൂടിച്ചേരുമ്പോൾ മച്ചാട്ടുവേലയ്ക്ക് മാമാങ്കപ്പൊലിമ കിട്ടുന്നു.
സാധാരണ വേലപൂരങ്ങളിലേതുപോലെ ആനയെഴുന്നള്ളിപ്പ് ഇവിടെയില്ല എന്നത് ശ്രദ്ധേയമാണ്.

കുതിരക്കളി കഴിഞ്ഞ് സന്ധ്യയാവുന്നതോടെ തട്ടകദേശങ്ങളിലെ ഹരിജനങ്ങളുടെ ഊഴമാവുന്നു. അവർ പൂതൻ, തിറ, ആണ്ടി, നായാടി എന്നിവയുമായി കാവുകേറുന്നതോടെ പകൽപൂരം അവസാനിക്കുന്നു.

പിന്നീട് അഞ്ചുദിവസവും രാത്രിയിൽ ശ്രീരാമപട്ടാഭിഷേകം തോൽപ്പാവക്കൂത്ത് കൂത്തുമാടത്തിൽ അരങ്ങേറുന്നു.
വേലകഴിഞ്ഞാണ് ഇവിടെ തോൽപ്പാവക്കൂത്ത് നടത്തുന്നത് എന്നതും ഒരു പ്രത്യേകതയാണ്.

 ഇവിടുത്തെ പറയെടുപ്പ് മറ്റുള്ള ക്ഷേത്രങ്ങളിലെ പറയെടുപ്പുകളിൽ നിന്നും വളരെ വ്യത്യസ്തമാണ്.
സാധാരണ ഉത്സവങ്ങൾ ഒരു ദേശത്ത് മാത്രം ഒതുങ്ങി നിൽക്കുമ്പോൾ, ഈ കുതിര വേല, മച്ചാട് എന്ന പ്രദേശത്തെ ആറ് ഗ്രാമങ്ങൾ ജാതി മത ഭേദമന്യെ ഒന്നിച്ചാണ് ആഘോഷിക്കുന്നത്.

കുതിരകൾ ഓരോരോ ദേശങ്ങളായ വിരുപ്പാക്ക, പാർളിക്കാട്, മംഗലം, മണലിത്തറ, കരുമത്ര എന്നീ പ്രദേശങ്ങളെ പ്രതിനിധീകരിക്കുന്നു.
കുതിരവേലക്ക് സാരഥ്യം വഹിക്കുന്ന ദേശക്കാർക്ക് രണ്ടു ദേശക്കുതിരകളും ഒരു കുട്ടിക്കുതിരയുമുണ്ട്. കുതിരകളിൽ ഒരേ ഒരു ആൺകുതിരയേ ഉള്ളൂ അത് മംഗലം അയ്യപ്പൻകാവ് ക്ഷേത്രത്തിന്റെ കുതിരയാണ്.

കൊടുങ്ങല്ലൂർ ഭഗവതി കുടികൊള്ളുന്നു എന്ന് വിശ്വസിക്കുന്ന തിരുവാണികാവ് അമ്പലത്തിലും ചേർന്ന് കിടക്കുന്ന വിശാലമായ പാടത്തുമാണ് വേല ആഘോഷിക്കുന്നത്.

കുംഭ മാസത്തിലെ ആദ്യ വെള്ളിയാഴ്ച തുടങ്ങി പിന്നീട് വരുന്ന ബുധനാഴ്ച വരെയാണ് വേല.

കുതിരയെഴുന്നള്ളിപ്പും, കുതിരച്ചാട്ടവും, പറയെടുപ്പും ആണ്
ഈ വേലയുടെ പ്രധാന ചടങ്ങുകൾ.
പണം കൊടുത്ത് വാദ്യ മേള ഗജവീരന്മാരെയും, ഗാനമേള മറ്റു മെഗാ ഷോകളും നടത്തി, നാട്ടുകാർ വെറുതെ കാഴ്ചക്കാരായി നിന്നുള്ള ഉത്സവ ആഘോഷങ്ങളാണ് പലയിടത്തും കാണാറുള്ളത്‌.

എന്നാലിവിടെ വേലയുടെ ഓരോ ചടങ്ങുകൾക്കും വിവിധ ദേശക്കാരുടെ നിറഞ്ഞ പ്രാതിനിധ്യമാണ്.

പൊയ്ക്കുതിരകൾക്ക് ചേതനയേറ്റുന്ന മനുഷ്യാദ്ധ്വാനത്തിന്റെയും നിശ്ചയദാർഡ്യത്തിന്റെയും ആർപ്പുവിളികളാണ് മച്ചാട്ട്കാർക്കെല്ലാം.

അക്ഷീണമായ പറയോട്ടത്തിലും ഗ്രാമത്തിന്റെ യുവതലമുറയുടെ ത്യാഗ -വൃത പ്രയത്നം കാണാം.

വേലയ്ക്കു ഏഴു ദിവസം മുൻപേ ക്ഷേത്രത്തിന്റെ ഇരുവശത്തും മുളകൊണ്ട് പ്രത്യേക രീതിയിൽ മെടഞ്ഞുണ്ടാക്കിയ കവാടങ്ങൾ സ്ഥാപിക്കും.
കാവ് കൂറയിടൽ എന്ന ഈ ചടങ്ങ് കഴിഞ്ഞാൽ പിന്നെ പറയ്ക്ക് പോവുന്ന എടുപ്പന്മാർക്ക് വൃതമാണ്.

തേക്ക്, പ്ലാവ്, മുള എന്നിവയുപയോഗിച്ച് ദേശവാസികൾ തന്നെ ഉണ്ടാക്കുന്ന പൊയ്ക്കുതിരകളാണ് ഈ വേലയുടെ താരങ്ങൾ.

തേക്കിന്റെയോ പ്ലാവിന്റെയോ ഫ്രെയിമിനു മുകളിൽ മുള കൊണ്ടാണ് കുതിരയുടെ കാലുകളും ഉടലും നിർമ്മിക്കുന്നത്. മുളയൊരുക്കിയ പഞ്ജരത്തിനു മുകളിൽ വൈക്കോൽ പൊതിഞ്ഞ്, അതിനു മുകളിലായി വെള്ളത്തുണി ചുറ്റും. പിന്നെ ആകർഷകമായ വർണ്ണപ്പട്ടും മറ്റ് അലങ്കാരങ്ങളും ചാർത്തി ഒടുവിലായി തലയും വച്ചാൽ ആരും കൊതിച്ചുപോകുന്ന വേലക്കുതിരകളായി.

മച്ചാട് മാമാങ്കത്തിലെ ചൊവ്വാഴ്ചയാണ് കാഴ്ച്ചയുടെ യാഗാശ്വം തുടങ്ങുന്നത്. ഈ ഉത്സവത്തിന്റെ 2022ലെ ആതിഥേയരായ പുന്നംപറമ്പ് വിഭാഗക്കാരുടെ കുതിരകൾ, ഉച്ചയ്ക്ക് മുൻപേ അമ്പലത്തിൽ നിന്നും പുറപ്പെട്ടു സമീപത്തെ മറ്റൊരു ക്ഷേത്രമായ കുമരം കിണറ്റുകരയുടെ പുറകിലെ കൊയ്ത്തൊഴിഞ്ഞ പാടത്ത് പോയി നിലയുറപ്പിക്കും.

കുട്ടികൾക്ക് എടുക്കാവുന്ന കുഞ്ഞിക്കുതിരകളും ഇക്കൂട്ടത്തിൽ ഉണ്ടാവും. കുംഭത്തിലെ ആ പൊരിവെയിലിൽ മാമാങ്കത്തിലെ അതിഥികൾ ആയ മറ്റ് ദേശക്കുതിരകളെ കാത്ത് നിൽക്കും.

വാദ്യ മേളങ്ങളുടെ അകമ്പടിയോടെ വിവിധ തരത്തിലുള്ള കുതിരകളും കഠിന വൃതഭക്തി വിശ്വാസത്തോടുകൂടിയുള്ള
കുംഭക്കുടങ്ങളും ഹരിജൻ വേലയും അക്കൂട്ടത്തിൽ ഉണ്ടാകും.

ഏവരും എത്തികഴിഞ്ഞാൽ പിന്നെ ദേശക്കാരെല്ലാം കുതിരകളെ തോളിലേറ്റി ഓട്ടമാണ്.

കൊയ്ത്തു കഴിഞ്ഞ ആ പാടത്തിലൂടെ വളരെ ദൂരം ഓടണം, കൂടെ കാഴ്ചക്കാരും. ആ ഓട്ടം തിരികെ തിരുവാണിക്കാവ് ക്ഷേത്രത്തിൽ അവസാനിക്കും. 

എല്ലാ ദേശക്കുതിരകളെയും ആനയിച്ചു നിരത്തി നിർത്തിയാൽ പിന്നെ പഞ്ചവാദ്യം തുടങ്ങുകയായി.

ഏകദേശം 5 മണിയോടെ വാദ്യം കൊട്ടിയിറങ്ങിയാൽ പിന്നെ കുതിര ചാട്ടമാണ്. 
അതിനായി നല്ല ഉയരത്തിൽ പ്രത്യേകം കെട്ടിയൊരുക്കിയ പന്തലുണ്ട്. കുതിരകൾ ഓരോരുത്തരായി ഭഗവതിയെ പ്രദക്ഷിണം വച്ച് ദേശക്കാരുടെ ചുമലിൽ ആർപ്പു വിളിയോടെ പന്തലിന്റെ അടിയിൽ തലയുയർത്തി നിൽക്കുമ്പോഴെക്കും ജനങ്ങൾ ആർത്തു വിളിക്കും. 
അന്നവരുടെ ഹീറോ ഈ കുതിരകളാണ്‌.

കൂട്ടത്തിൽ ഏറ്റവും ഉയരമുള്ള മംഗലം എന്ന വെള്ളകുതിരയാണ് പലരുടെയും മനം കവരുന്നത്.

ചെറുതായി നാവ് പുറത്തേക്കു നീട്ടിയുള്ള മംഗലം വെള്ളകുതിര മാത്രമാണ് കൂട്ടത്തിലെ ഏക ആൺകുതിര.

മറ്റു പെൺക്കുതിരകളും കുതിരച്ചാട്ടത്തിൽ ഒപ്പമുണ്ടാകും. തോളിലേറ്റിയ കുതിരകളെ ഉയർത്തിയെറിഞ്ഞ് പന്തലിന്റെ മുകളിലെ തുണിയിൽ മുട്ടിക്കാനുള്ള ആരുടേയും ശ്രമം ഫലം കണ്ടില്ല എങ്കിലും, ആ ഏറു കണ്ടാൽ പൊയ്ക്കുതിരകൾ പറന്നു വരും പോലെ തോന്നും.

അഞ്ചാം ദിവസം ദാരികനെ വധിച്ചെത്തിയ യുദ്ധ സന്നാഹത്തിന്റെ ആർപ്പുവിളികൾ ആയാണ് കുതിര വേല ആഘോഷിക്കുന്നത് എന്ന് വിശസിക്കുന്നു.
ഏതാനും ആവർത്തികളുടെ വിഫല ശ്രമത്തിനു ശേഷം കുതിരകൾ ചാട്ടം മതിയാക്കി നിരന്നു നില്ക്കും. പിന്നെ കാതടപ്പിക്കുന്ന വെടിക്കെട്ടും.

പണ്ട് കൊടുങ്ങല്ലൂർ ഭഗവതിയുടെ തീവ്ര ഭക്തനായ കൊങ്ങോട്ടു നായർ ക്ഷേത്രദർശനം കഴിഞ്ഞു മടങ്ങവേ ഭഗവതിയുടെ ചൈതന്യം അദ്ദേഹത്തിന്റെ ഓലക്കുടപ്പുറത്ത് യാത്രയാവുകയും, വഴി മദ്ധ്യേ ദിക്ക്ഭ്രമം ബാധിച്ച നായർ, വഴി തെറ്റി മച്ചാട് എത്തി. അവിടെ വച്ച് ഒരു ഹരിജനം അദ്ദേഹത്തെ കൈ പിടിച്ചു പാലിശ്ശേരി തറവാട്ടിൽ എത്തിച്ചു. 

വിശ്രമം കഴിഞ്ഞ് ഓലക്കുട തറവാടിന്റെ മച്ചിൽ വച്ചു. അദ്ദേഹം യാത്രയായി. പിന്നീട് അരീക്കര ഇല്ലത്തെ ഇളയത് ഈ ഭഗവതിയെ തൊട്ടടുത്തുള്ള തിരുവാണിക്കാവ് ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചു എന്ന് വിശ്വസിക്കപ്പെടുന്നു.
കേരളത്തില്‍ മറ്റൊരിടത്തും കാണാനിടയില്ലാത്ത പറയെടുപ്പ് സമ്പ്രദായമാണ് ഈ ദേശത്ത് ഉള്ളത്. ദേവിയുടെ പ്രതിപുരുഷനായ അരീക്കര ഇല്ലത്തെ "ഇളയതുകൾ" ആണ് എടുപ്പൻമാരുടെ തോളിലേറി പറയെടുക്കാനായി വീടു വീടാന്തരം ഊരു ചുറ്റുന്നത്‌. വേല കൂറയിട്ട നാൾ മുതൽ വൃതമെടുത്ത ദേശക്കാർ ഈ കൂട്ടത്തിൽ ഉണ്ടാവും. അതിലധികവും ചെറുപ്പക്കാർ ആണ്. പലരും ഇതിനു വേണ്ടി ബാംഗ്ലൂർ, ചെന്നൈ എന്നുവേണ്ട പ്രവാസലോകത്ത് നിന്നു പോലും ലീവെടുത്ത് വന്ന് വ്രതാനുഷ്ഠാനങ്ങളോടെ ഇതില്‍ പങ്കെടുക്കുന്നു. രാവുകളും പകലുകളും നീണ്ടു നില്ക്കുന്ന അക്ഷീണമായ പറയെടുപ്പ് ആണ് ഈ നാളുകളിൽ. 

വർഷത്തിലൊരിക്കൽ ദേവി ഭവനം സന്ദർശിക്കാനെത്തുന്നു എന്ന വിശ്വാസത്തിൽ ദേശം മുഴുവനും, "ഇളയതിന്റെ" വരവും കാത്ത് രാവേറെയായാലും നിലവിളക്കിൽ തിരിയിട്ട് പറയൊരുക്കി ഉറങ്ങാതെ കാത്തു നിൽക്കും. വെളുപ്പ്‌ ചുവപ്പ് കറുപ്പ് എന്നീ നിറങ്ങളിലുള്ള പട്ടു ചേലയാണ് ഇളയത് ധരിക്കുക, കഴുത്തിൽ ഉണ്ടത്തെച്ചി മാലയിടും. കാലിൽ ചിലമ്പും കയ്യിൽ വാളുമായി കുത്തുവിളക്കിന്റെ അകമ്പടിയോടെ എടുപന്മാരുടെ തോളിലേറി കൊമ്പ്-കുഴൽ വാദ്യങ്ങളുടെ നാദവീചിയിൽ ലയിച്ചു നടന്നു വരുന്ന.. അല്ല....ഓടിവരുന്ന.....പറയെടുപ്പ് കൂട്ടത്തിന്റെ....ഭവനം സന്ദർശിക്കാനെത്തുന്ന ദേവിയെ വരവേല്‍ക്കാനുള്ള കാത്തിരുപ്പ്.
കോവിഡ് സാഹചര്യങ്ങൾ വേട്ടയാടുന്നുണ്ടെങ്കിലും എല്ലാം ഭംഗിയായിത്തന്നെ കലാശിക്കും എന്നാണ് ഓരോ മച്ചാട്ടുകാരാനും വിശ്വസിക്കുന്നത്.
Machad Mamankam 
മാമാങ്കാശംസകളോടെ....

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍