സന്തോഷ് ജോർജ്ജ് കുളങ്ങരയ്ക്ക് പരസ്യങ്ങളോട് എന്താണിത്ര അയിത്തം...?


 അന്താരാഷ്ട്ര നിലവാരമുള്ള മലയാളത്തിലെ ഏക ചാനലാണ് സഫാരി. ബിബിസി ബ്രിട്ടീഷുകാരന്റെ അഭിമാനമാണെങ്കിൽ കേരളത്തിന്റെ അഹങ്കാരമാണ് സഫാരി.


കമ്മ്യൂണിസത്തിന്റെ യഥാർത്ഥ മുഖവും സ്വഭാവം നമുക്ക് കാട്ടിത്തന്നത് സന്തോഷ് ജോർജ്ജ് കുളങ്ങരയാണ്. ഇന്ത്യയിലേതിനേക്കാൾ പൊട്ടിപ്പൊളിഞ്ഞ റെയിൽവേ സ്റ്റേഷനുകൾ യൂറോപ്പിലുണ്ടെന്ന് സഞ്ചാരത്തിന്റെ റുമേനിയൻ എപ്പിസോഡുകൾ കാണിച്ചുതന്നു. 


ജീവിക്കാൻ മാർഗ്ഗമില്ലാതെ പടിഞ്ഞാറൻ യൂറോപ്പിലേക്ക് തൊഴിൽ തേടിപ്പോയവർ ഉപേക്ഷിച്ചുകളഞ്ഞ പഴയ കമ്മ്യൂണിസ്റ്റ് യൂറോപ്പിലെ വിജനഗ്രാമങ്ങളുടെ സങ്കടദൃശ്യങ്ങൾ 


റസ്റ്റോറന്റിൽ തീൻമേശയിൽ ബാക്കിവെച്ച ഭക്ഷണാവശിഷ്ടങ്ങൾ ആർത്തിയോട് വന്നു വാരിത്തിന്നുന്ന സൂര്യതേജസ്സുള്ള  പോളിഷ് യുവാക്കളെ സൃഷ്ടിച്ച സോഷ്യലിസ്റ്റ് പോളണ്ട് (ഒരക്ഷരം മിണ്ടിപ്പോകരുത്)


ഭൂമിയിലെ സ്വർഗ്ഗമെന്ന് കേരളത്തിൽ വിശേഷിക്കപ്പെട്ടിരുന്ന പഴയ സോവിയറ്റ് റിപ്പബ്ലിക്കുകളിലെ കൊടിയ ദാരിദ്ര്യം, പീഡനകേന്ദ്രങ്ങൾ എല്ലാം അതിസൂക്ഷ്മമായി പകർത്തിയെടുത്തത് സന്തോഷ് ജോർജ്ജ് കുളങ്ങരയുടേ ക്യാമറയാണ്.


മണൽത്തരിയെ സ്വർണ്ണത്തരിയാക്കി മാറ്റാനുള്ള കമ്പോള സമ്പദ്‌വ്യവസ്ഥയുടെ അദ്ഭുത കരവിരുതിന്റെ സാക്ഷ്യപത്രങ്ങളാണ് സഫാരിയുടെ അമേരിക്കൻ- വെസ്റ്റേൺ യൂറോപ്പ് സമ്പന്നചിത്രങ്ങൾ.


വികസിതജനാധിപത്യവും ഓപ്പൺ മാർക്കറ്റും കൈകോർത്തപ്പോൾ മനുഷ്യജീവിതത്തിൽ സംഭവിച്ച അസാധാരണമായ കുതിപ്പും വളർച്ചയും സമൃദ്ധിയും തെളിമയോടെ ചരിത്രബോധത്തോടെ മിനിസ്ക്രീനിൽ സന്തോഷ് അവതരിപ്പിക്കുന്നു.


ഡമോക്രസിയുടെ സൗന്ദര്യവും കാപ്പിറ്റലസിത്തിന്റെ ഡൈനാമിസവും സർഗാത്മകമായി സമന്വയിച്ച നാടുകൾ ഉദ്യാനശ്രീയോടെ പൂത്തുലഞ്ഞു നില്ക്കുന്ന സഫാരി എപ്പിസോഡുകൾ നെടുവീർപ്പോടെയാവാം മലയാളികൾ കണ്ടത്.


കമ്മ്യൂണിസവും സോഷ്യലിസവും എന്താണെന്ന് പ്രായോഗികമായി മനസ്സിലാക്കി പഠിക്കാനുള്ള ഒരു ടൂൾ കൂടിയാണ് സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ സഫാരിലൈഫ്.


ഉല്പന്നങ്ങളും സേവനങ്ങളും മത്സരാധിഷ്ഠിത മാർക്കറ്റിൽ നിന്ന് അവരവരുടെ ഇഷ്ടമനുസരിച്ച്  തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉപഭോക്താക്കൾക്ക് നല്കുന്ന രാഷ്ട്രങ്ങൾ മാത്രമാണ് ഗതിപിടിച്ചിട്ടുള്ളതെന്ന് ഏറ്റവും കൃത്യമായി ബോധ്യപ്പെട്ടിട്ടുള്ളയാൾ തന്നെയാണ് നമ്മുടെ വിശ്വസഞ്ചാരി.


കമ്പോളത്തെ ചലനാത്മകമാക്കുന്നതിൽ  പരസ്യങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.


സഫാരിയിൽ പരസ്യങ്ങളില്ല അതായത് ആ ഇനത്തിൽ ചാനലിന് ഒരു വരുമാനവുമില്ലെന്ന് പറയാം.   പ്രോഗ്രാമുകളുടെ സിഡി വിറ്റുമാത്രം ഒരു ഫ്രീ ചാനലിന് നിലനില്ക്കാനാവുമെന്ന് തോന്നുന്നില്ല.


അപ്പോൾ എങ്ങനെയാവും സഫാരി പിടിച്ചുനില്ക്കുന്നത്...?


ലേബർ ഇന്ത്യ വിദ്യാഭ്യാസ മാസികയുടെ വരുമാനം തന്നെയാവാം സഫാരിയുടേ സാമ്പത്തിക സ്രോതസ്.


ഒന്നാം ക്ലാസ് തൊട്ട് പ്ളസ് ടൂ വരെയുള്ള മുഴുവൻ ക്ളാസുകൾക്കും ലേബർ ഇന്ത്യ ഇറക്കുന്നുണ്ട്. സർക്കാർ- എയിഡഡ് സ്ക്കൂളുകളിലെ വലിയൊരു ശതമാനം കുട്ടികൾ ഈ മാസികയുടെ വരിക്കാരാണ്.


സഫാരി ചാനലിന്റെ ഭാരം ലേബർ ഇന്ത്യ താങ്ങുന്നതിന്റെ ദോഷം അറിയാൻ ഈ മാസിക തുറന്നു നോക്കിയാൽ മാത്രം മതി.


കളർ പുറംചട്ടയിൽ പുറത്തിറങ്ങുന്ന ലേബർ ഇന്ത്യയുടെ കണ്ടന്റൊക്കെ മികച്ചത് തന്നെയാണ്. പക്ഷെ കച്ചിപേപ്പറിലാണ് മാസിക അച്ചടിക്കുന്നത്. ചവുണ്ട മോശം കടലാസിലിറക്കുന്ന  വിദ്യാഭ്യാസ മാസികയാണ് ലേബർ ഇന്ത്യ. കുട്ടികളുടെ പഠനസഹായിയായ ഒരു പ്രസിദ്ധീകരണം ഇത്രയും മോശപ്പെട്ട പേപ്പറിൽ ഇറക്കുന്നത് ഒട്ടും ശരിയല്ല. 


വിരലൊന്നമർത്തിയാൽ കീറിപ്പോകുന്ന അകത്ത് ഒരു വർണ്ണച്ചിത്രം പോലുമില്ലാത്ത ബോറൻ ലുക്കുള്ള ഒരു മാസിക സന്തോഷ് കുളങ്ങരയുടെ കാർമികത്വത്തിൽ പുറത്തിറങ്ങുന്നുവെന്നത് അദ്ദേഹത്തിന്റെ സ്റ്റാറ്റസിന് ഒട്ടും അനുയോജ്യമല്ല.


ഇതാണ് ക്രോസ് സബ്സീഡിയുടെ ദോഷം.


പരസ്യമില്ലാത്ത ചാനൽ എന്ന സഫാരിപെരുമ നിലനിർത്താനായി ചവറുകടലാസിൽ ലേബർ ഇന്ത്യ ഇറക്കുന്നത് കുട്ടികളോട് ചെയ്യുന്ന ഒരു അപരാധം തന്നെയാണ്.


ജ്ഞാന- വിജ്ഞാന കുതുകിയായ ഒരോ മലയാളിയും സന്തോഷ് ജോർജ്ജ് കുളങ്ങരയോട് കടപ്പെട്ടിരിക്കുന്നു.


നാഷണൽ ജിയോഗ്രഫി ചാനലിനേക്കാൾ ഉയരത്തിൽ നമ്മുടെ സഫാരി എത്തണം. കൂടുതൽ മികച്ച പ്രോഗ്രാമുകളും കൂടുതൽ പ്രതിഭാധനരായ ജീവനക്കാരും കേരളത്തിന്റെ സ്വന്തം Exploration ചാനലിൽ വരണം. അതിനായി കൃത്യമായി വരുമാനം ഉണ്ടാവണം.

അതിനുള്ള വഴികൾ കണ്ടെത്തണം. 


മലയാളികളുടെ ജനിതകത്തിൽ കുത്തിവയ്ക്കപ്പെട്ടിട്ടുള്ള സോഷ്യലിസ്റ്റ് മാരിജുവാനയെ അതിജീവിക്കാൻ സന്തോഷ് ജോർജ്ജ് കുളങ്ങരയ്ക്ക് കഴിയണം. സഫാരിയുടെ അതേനിലവാരത്തിൽ കുഞ്ഞുങ്ങളുടെ ലേബർ ഇന്ത്യയും പുറത്തിറക്കണം.


വിശ്വം കൊതിക്കുന്ന ചാനലായി വിശ്വസഞ്ചാരിയുടെ  സഫാരി വളരട്ടേ...


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍