1196 എടവം 9
അത്തം / ഏകാദശി
2021 മെയ് 23,
ഞായർ .
ഇന്ന്,
ലോക ആമ ദിനം
World Turtle Day !
ജർമ്മനി : ഭരണഘടന ദിനം !
ജാമയിക്ക: തൊഴിലാളി ദിനം !
മെക്സിക്കൊ: വിദ്യാർത്ഥി ദിനം !
മലയാള ചലചിത്ര നടനും നായകനും ആയ റഹമാന്റെയും(1967),
മലയാള അഭിനേത്രി രെകിത രാജേന്ദ്രകുറുപ്പ് എന്ന ഭാമയുടെയും (1989),
ദശാബ്ദങ്ങളായി ചെസ്സിൽ നിലനിർത്തിയിരുന്ന സ്ഥാനമാനങ്ങളെ പരിഗണിച്ച് ലോക ചെസ്സ് ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനായ അനാത്തൊളി യുവ്ജ്നെവിച് കാർപ്പോവിന്റെയും (1951) .
ജന്മദിനം
ഇന്നത്തെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ
്്്്്്്്്്്്്്്്്്്്
പ്രാദേശികം
*****************
***കൊടകര കുഴല്‍പണ കേസില്‍ ബിജെപി സംസ്ഥാന നേതാക്കളും; സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണശനെ ചോദ്യം ചെയ്യും
തൃശൂര്‍: കൊടകര കുഴല്‍പണ കേസില്‍ ബിജെപി വീണ്ടും വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. പാര്‍ട്ടിയുടെ സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേശനേയും ചോദ്യം ചെയ്യുമെന്നാണ് പോലീസ് വ്യക്തമാക്കിയിട്ടുള്ളത്.മൂന്നര കോടി രൂപയുടെ കള്ളപ്പണം തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ ബിജെപി തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെആര്‍ ഹരി, ട്രഷറര്‍ സുജയ് സേനന്‍ ആര്‍എസ്എസ് നേതാവും ബിജെപി മേഖലാ സെക്രട്ടറിയും യ കാശിനാഥന്‍ എന്നിവരെ ചോദ്യം ചെയ്തുകഴിഞ്ഞു. അടുത്ത ഘട്ടത്തിലാണ് സംസ്ഥാന നേതാക്കളിലേക്ക് കടക്കുന്നത്.
***പ്രതിപക്ഷ നേതാവ് വി ഡി സതീശന് അഭിനന്ദനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ
പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത വി ഡി സതീശന് അഭിനന്ദനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്കിലൂടെയാകുന്നു അദ്ദേഹം അഭിനന്ദനം അറിയിച്ചത്. കേരളത്തിന്റെ വികസനത്തിനും സാമൂഹ്യ പുരോഗതിയ്ക്കുമായി ക്രിയാത്മകമായ സഹകരണം പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. അദ്ദേഹത്തിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നതായും അദ്ദേഹം പറഞ്ഞു. ഏറെ നാൾ നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് ശേഷമാണ് വി.ഡി സതീശന്‍ എം.എല്‍.എയെ പ്രതിപക്ഷ നേതാവായി നിയമിച്ചത്. തലമുറമാറ്റത്തിന് കോണ്‍ഗ്രസ് ഹൈക്കമാന്റ് വഴങ്ങിയതോടെയാണ് പുതിയ നേതാവായി അദ്ദേഹം എത്തിയിരിക്കുന്നത്
***ഇന്ന് 28,514 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.63, മരണം 176
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 28,514 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,26,028 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.63 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 1,86,81,051 സാമ്പിളുകളാണ് പരിശോധിച്ചത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 176 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 7170 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 45,400 പേർ രോഗമുക്തി നേടി.ഇതോടെ 2,89,283 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 20,25,319 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 9,69,946 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 9,31,203 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 38,743 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3383 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ദേശീയം
************
***ശമ്പളംകൂടും: ജീവനക്കാരുടെ വേരിയബിൾ ഡിഎ കേന്ദസർക്കാർ വർധിപ്പിച്ചു
ന്യൂഡൽഹി: ജീവനക്കാരുടെ വേരിയബിൾ ഡിഎ വർധിപ്പിച്ചതായി തൊഴിൽ മന്ത്രാലയം അറിയിച്ചു. പ്രതിമാസം 105 രൂപ മുതൽ 210 രൂപവരെയാണ് വർധന. 1.5 കോടിയിലധികംവരുന്ന ജീവനക്കാർക്ക് ഇതിന്റെ ഗുണം ലഭിക്കും.
കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള വിവിധ വിഭാഗങ്ങളിലെ ജീവനക്കാർക്ക് വർധിപ്പിച്ച ക്ഷമാബത്ത ലഭിക്കും. കരാർ തൊഴിലായളികൾക്കും ഇത് ബാധകമാണ്.2021 ഏപ്രിൽ ഒന്നുമുതൽ മുൻകാല പ്രാബല്യത്തോടെയാണ് വർധന. ഉപഭോക്തൃ വില സൂചികയുടെ ശരാശരി അടിസ്ഥാനമാക്കിയാണ് ക്ഷാമബത്ത പരിഷ്കരിച്ചത്.
കേന്ദ്ര സർക്കാരിന്റെ റഗുലർ സർവീസിലുള്ള ജീവനക്കാരുടെ ജനുവരി മുതുലുള്ള ക്ഷാമബത്ത കുടിശ്ശികയാണ്. ജൂണിൽ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
***കോവിഡ് മൂന്നാം തരംഗം; മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ
കോവിഡ് വ്യാപനത്തില്‍ ഇനി കുട്ടികളും നിര്‍ണ്ണായകമാണെന്ന് നിതി ആയോഗ് . രണ്ടാം തരംഗത്തിന്‍റെ അവസാന ഘട്ടത്തിലും മൂന്നാംഘട്ടത്തിലും കൊറോണ കുട്ടികളെ സ്വാധീനിക്കാന്‍ ശേഷിയുള്ളതായാണ് സൂചന. നിലവില്‍ വളരെ കുറഞ്ഞതോതിലുള്ള രോഗലക്ഷണങ്ങള്‍ മാത്രമാണ് പ്രകടമാവുക എന്നതിനാല്‍ തള്ളിക്കളയരുതെന്ന മുന്നറിയിപ്പാണ് നല്‍കുന്നത്. കുട്ടികളിലും വളരെ പ്രായമായവരിലും രോഗ സാദ്ധ്യതാ നിരക്ക് ഏതാണ്ട് ഒരേപോലെയാണ്. അതിനാല്‍ ഇനി ഒരു തരംഗം ഉണ്ടായാല്‍ അത് കുട്ടികളേയും ബാധിക്കും. ആശുപത്രിയില്‍ പോകേണ്ടി വരുന്നവരുടെ എണ്ണം മൂന്ന് ശതമാനംവരെയാണ് കണക്കുകൂട്ടുന്നത്. ഇതില്‍ കൂടുതല്‍ ഓടി നടക്കുന്ന 10 വയസ്സുമുതല്‍ 12 വയസ്സുവയുള്ളവരാണ് ആഗോള ശരാശരിയില്‍ കൂടുതല്‍ രോഗബാധിതരായി കാണുന്നതെന്നും പോള്‍ വ്യക്തമാക്കി.
***രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നുവെന്ന് ആരോഗ്യ മന്ത്രാലയം
ഡൽഹി: രാജ്യത്തെ കൊവിഡ് കേസുകൾ കുറയുന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. 22 സംസ്ഥാനങ്ങളിൽ പ്രതിദിന കൊവിഡ് കേസുകളേക്കാൾ കൂടുതൽ രോഗമുക്തരാണ്. കഴിഞ്ഞ 15 ദിവസമായി ആകെ കൊവിഡ് കേസുകളിൽ ഇടിവ് സംഭവിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് ഇപ്പോൾ 87. 76 ശതമാനമാണ്. പോസിറ്റിവിറ്റി നിരക്കിൽ 3.58% ഇടിവ് സംഭവിച്ചിട്ടുണ്ട്. അതേസമയം, ആന്ധ്രാ, ബംഗാൾ, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകൾ കൂടുന്നുണ്ട്. 382 ജില്ലകളിൽ 10 ശതമാനത്തിലധികം പോസിറ്റിവിറ്റി നിരക്കുണ്ടെന്നും തമിഴ്നാട്ടിലെ കേസുകൾ ഇപ്പോഴും ആശങ്കാജനകമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
അന്തർദേശീയം
*******************
***ഇന്ത്യയില്‍ നിന്നുളള വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് നീട്ടി കാനഡ
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നുമുള്ള വിമാന സര്‍വീസുകള്‍ക്ക് കനേഡിയന്‍ വിലക്ക് തുടരുന്നു. ജൂണ്‍ 21വരെയാണ് വിലക്ക് നീട്ടിയത്. ഇക്കഴിഞ്ഞ ഏപ്രില്‍ 22നാണ് വിലക്ക് ആരംഭിച്ചത്. ഇന്ത്യയില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നുമുള്ള എല്ലാവിധ വിമാന സര്‍വീസുകളും 30 ദിവസത്തേക്കായിരുന്നു വിലക്കിയതെന്നും പൊതുജന ആരോഗ്യതാല്‍പര്യം കണക്കിലെടുത്താണ് നടപടിയെന്നും കനേഡിയന്‍ ഗതാഗത മന്ത്രി ഒമര്‍ അല്‍ഘബ്ര വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഒരുമാസത്തേക്ക് കൂടി നീട്ടിയത്
***യു.എസിൽ അജ്ഞാത രോഗം പരക്കുന്നു;
കഴിഞ്ഞ വർഷം നവംബറിൽ, യു.എസിലെ വൈറ്റ് ഹൗസ് വളപ്പിലെ ഒരു സ്റ്റാഫ് ഗേറ്റിലൂടെ കടന്നുപോകാൻ ശ്രമിച്ച നാഷണൽ സെക്യൂരിറ്റി കൗൺസിൽ ഉദ്യോഗസ്ഥന് പെട്ടെന്ന് ദേഹാസ്വാസ്ഥ്യമുണ്ടായി. ഇദ്ദേഹത്തിന് തലവേദനയും ഉറക്കമില്ലായ്മയും ഒരാഴ്ച നീണ്ടു നിന്നിരുന്നു. ഏതാനും ആഴ്ചകൾക്ക് ശേഷം, നാഷണൽ സെക്യൂരിറ്റി കൗൺസിലിലെ തന്നെ മറ്റൊരു ഉദ്യോഗസ്ഥൻ വൈറ്റ് ഹൗസ് ഗേറ്റിന് സമീപത്ത് വച്ച് കടുത്ത ദേഹാസ്വാസ്ഥ്യം നേരിടുകയുണ്ടായി. ഗുരുതരാവസ്ഥയിലായ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു. ഈ രണ്ട് സംഭവത്തിലും ഫെഡറൽ ഏജൻസികൾ വിശദമായ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. കാരണം നാഷണൽ സെക്യൂരിറ്റി കൗൺസിൽ ഉദ്യോഗസ്ഥർ പ്രകടിപ്പിച്ചത് സാധാരണ ലക്ഷണങ്ങളല്ലായിരുന്നു. ‘ ഹവാന സിൻഡ്രോം ” എന്ന പേരിലറിയപ്പെടുന്ന ഇതുവരെ ഉറവിടമോ കാരണമോ കണ്ടെത്താനാകാത്ത അജ്ഞാത രോഗത്തിന്റെ ലക്ഷണങ്ങളായിരുന്നു ഇതെന്നാണ് സംശയിക്കുന്നത്. ഇതിന് മുമ്പ് ഈ അജ്ഞാത രോഗത്തിന്റെ ഫലമായി ഏതാനും യു.എസ് ഉദ്യോഗസ്ഥർക്ക് കേൾവിയ്ക്കും മസ്തിഷ്കത്തിനും തകരാറുകൾ കണ്ടെത്തിയിരുന്നു.
കായികം
***********
***സുശീൽ കുമാർ അറസ്റ്റിൽ .ഒളിവിലായിരുന്ന ഒളിമ്പിക്സ് മെഡൽ ജേതാവ് സുശീൽ കുമാർ അറസ്റ്റിൽ.
മുൻ ജൂനിയർ ദേശീയ ഗുസ്തി ചാമ്പ്യൻ സാഗർ റാണയുടെ കൊലപാതക കേസിൽ ആണ് അറസ്റ്റിലായത് .സുശീൽ കുമാർ ഉത്തർപ്രദേശിലെ മീററ്റിലുള്ള ടോൾപ്ലാസയിൽ കാറിൽ സഞ്ചരിക്കുന്ന ചിത്രംകഴിഞ്ഞ ദിവസം മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഇതിനെ തുടർന്നാണ് അറസ്റ്റ്. മേയ് നാലിനാണ് കേസിന്നാധാരമായ സംഭവം നടന്നത്. 23കാരനായ സാഗര്‍ ധന്‍ഖഡ് എന്ന സാഗര്‍ റാണയെ സ്റ്റേഡിയത്തിെൻറ പാര്‍ക്കിങ് ഏരിയയില്‍ വെച്ച് മര്‍ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.
***രണ്ട് വർഷത്തിലൊരിക്കൽ ലോകകപ്പ് സംഘടിപ്പിക്കുക എന്ന ആശയവുമായി സൗദി അറേബ്യ
നിലവിൽ നാല് വർഷത്തിലൊരിക്കൽ നടക്കുന്ന പുരുഷ, വനിതാ ലോകകപ്പുകൾ രണ്ട് വർഷത്തിലൊരിക്കൽ നടത്തുന്നതിന്റെ സാധ്യതകളെ സംബന്ധിച്ച് പഠനം നടത്താനൊരുങ്ങി ഫുട്ബോളിന്റെ ലോക ഭരണ സമിതിയായ ഫിഫ. നേരത്തെ സൗദി അറേബ്യ ഫുട്ബോൾ ഫെഡറേഷൻ (സാഫ്) പ്രസിഡന്റായ യാസർ അൽ മിസെഹലാണ് രണ്ട് വർഷം കൂടുമ്പോൾ ലോകകപ്പ് എന്ന ആശയം ഫിഫയ്ക്ക് മുന്നിൽ അവതരിപ്പിച്ചത്. ഫുട്ബോളിന്റെ ആഗോള വികസനത്തിൽ ഇത് നിർണായകമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. സാഫ് പ്രസിഡന്റിന്റെ ഈ ആശയത്തിന് ഫിഫയുടെ വാർഷിക സമ്മേളനത്തിൽ പിന്തുണ ലഭിക്കുകയായിരുന്നു
***ലോകകപ്പ് യോഗ്യതാ മത്സരം; കളിക്കാരെല്ലാം നെഗറ്റീവ്, ഇന്ത്യന്‍ ടീം ദോഹയില്‍ പരിശീലനം തുടങ്ങി
ദോഹ: ഫിഫ ലോകകപ്പ് 2022, എ.എഫ്.സി ഏഷ്യൻ കപ്പ് 2023 ടൂർണമെന്റുകളുടെ യോഗ്യതാ മത്സരങ്ങൾക്കായി ദോഹയിലെത്തിയ ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലനം ആരംഭിച്ചു.
മത്സരങ്ങൾക്കായി ബുധനാഴ്ച ദോഹയിലെത്തിയ ഇന്ത്യൻ ടീം നിർബന്ധിത ക്വാറന്റീൻ പൂർത്തിയാക്കി. തുടർന്ന് താരങ്ങൾക്കും സപ്പോർട്ട് സ്റ്റാഫിനുമായി നടത്തിയ കോവിഡ് പരിശോധനയിൽ എല്ലാവരുടെയും ഫലം നെഗറ്റീവായതോടെയാണ് ശനിയാഴ്ച ടീം പരിശീലനത്തിന് ഇറങ്ങിയത്.
വാണിജ്യം
വ്യക്തികൾക്കും ചെറുകിട വ്യാപാരികൾക്കും വായ്പ ക്രമീകരിക്കാൻ വീണ്ടുംഅവസരം
കോവിഡിന്റെ രണ്ടാംതരംഗത്തിൽ രാജ്യം പ്രതിസന്ധി നേരിടുമ്പോൾ പൊതുജനങ്ങൾക്കും വ്യാപാരികൾക്കും ആർബിഐ വീണ്ടും ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. മൊറട്ടോറിയത്തിന് സമാനമായ പദ്ധതിയല്ലെങ്കിലും വായ്പ പുനഃക്രമീകരിക്കാനുള്ള അവസരം വ്യക്തികൾക്കും വ്യാപാരികൾക്കും ലഭിക്കും. വായ്പാ തിരിച്ചടവു കാലാവധി രണ്ടുവർഷംവരെ നീട്ടാൻ പദ്ധതി പ്രകാരം അനുവദിക്കും. നിഷ്‌ക്രിയ ആസ്തിവിഭാഗത്തിലേയ്ക്ക് വായ്പകളെ ഉൾപ്പെടുത്താനും പാടില്ല. അപേക്ഷ ലഭിച്ച് 90 ദിവസത്തിനുള്ളിൽ ഇതുസംബന്ധിച്ച് തീരുമാനമെടുക്കണമെന്നും ബാങ്കുകളോടും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളോടും ആർബിഐ നിർദേശിച്ചു
ഇന്നത്തെ മൊഴിമുത്തുകൾ
''വേതാളങ്ങളോടു പൊരുതുന്നവൻ താൻ തന്നെ ഒരു വേതാളമായിപ്പോകാതിരിക്കാനും ശ്രദ്ധിക്കണം. പാതാളത്തിലേക്ക് ദീർഘനേരം ഉറ്റുനോക്കിക്കൊണ്ടിരുന്നാൽ പാതാളം പിന്നെ നിങ്ങളെ നോക്കാനും തുടങ്ങും.''
'' നിങ്ങളുടെ സ്നേഹിതൻ നിങ്ങളോടൊരു ദുഷ്ടത ചെയ്താൽ അവനോടു പറയൂ, നീ എന്നോടു ചെയ്തതു ഞാൻ പൊറുത്തിരിക്കുന്നു; പക്ഷേ നീ നിന്നോടു തന്നെ ചെയ്തതു ഞാനെങ്ങനെ പൊറുക്കാൻ?''
''ഏതു പുരുഷനും സ്വന്തം അമ്മയിൽ നിന്നു കിട്ടിയ ഒരു സ്ത്രീബിംബം ഉള്ളിൽ കൊണ്ടുനടക്കുന്നുണ്ട്; അതു നിശ്ചയിക്കും, സ്ത്രീകളോടുള്ള അയാളുടെ മനോഭാവമെന്തെന്ന്: അതു മാന്യതയോ, അവജ്ഞയോ, ഉദാസീനതയോയെന്ന്.''
-ഫ്രീഡ്റിക്ക് നീച്ച-
( ജർമ്മൻ ദാർശനികനും കവിയും കലാനിരൂപകനും)
ഇന്നത്തെ ചർച്ച
്്്്്്്്്്്്്്്്്്്്്
ഒറ്റയ്ക്കൊരു യാത്ര
.......................... ...............
ഒറ്റയ്ക്കൊരു യാത്ര പോകണം,
ഒറ്റയ്ക്ക് തന്നെയാണ്.
മൗനത്തെ കൂടെ കൂട്ടുന്നുണ്ട്....
ഒരുമ്പെട്ടവൾ ഒളിച്ചോടിയെന്നു പറയേണ്ട.
കൂടെ കൂട്ടുന്നവരിൽ രണ്ടാമനെന്റെ ചിന്തകളുടെ ഭാണ്ഡക്കെട്ടാണ്.
മൂന്നാമനായ് പോരാനൊരുങ്ങിയത് ഉത്തരവാദിത്വങ്ങളുടെ
തിരക്കുകളിൽപിണങ്ങിപ്പോകാറുള്ള
വിശപ്പാണ്..
ചട്ടിയോടും തവിയോടും
വിശ്രമിക്കാനായ് പറഞ്ഞിട്ടുണ്ട്.
എന്നോടൊപ്പംതന്നെ പുകയാറുള്ള
അടുപ്പുകല്ലിലൊരു തുണി നനച്ചിട്ടു.
എന്റെ ചിന്തകളെയെത്രയെത്ര വേവിച്ചെടുത്തതാണ് ....
സമാധാനമായി ഇനിയെത്ര
വലകെട്ടുമെന്നോ ചിലന്തിക്കൂട്ടങ്ങൾ.
ചിതലരിക്കാതെ കുറ്റിച്ചൂലെടുത്ത്, നേരെ നിർത്താൻ മറന്നു പോയിട്ടുണ്ട് .
എല്ലാമൊരുക്കിവച്ചൊരു യാത്രപോകണം.
മനസ്സിനെ തണുപ്പിക്കുന്നൊരു യാത്ര
പെണ്ണവളെ കാണുന്നില്ലെന്നു
മൊഴിയുമൊരു കൂട്ടർ,
കഷ്ടപ്പാടു സഹിക്കാതെ ആത്മഹത്യ
ചെയ്തതാവാമെന്നു മറ്റൊരുകൂട്ടർ,
ഇതൊന്നുമല്ല പ്രണയപരവശയായൊരുവന്റെ കൂടെ പോയതാണെന്നും
കഥയെഴുതും ചില നേരമ്പോക്കികൾ ...
എന്തായാലും ഞാനൊരു യാത്ര പോകും...
കത്തിയുരുകി മണ്ണിലലിഞ്ഞു ചേരുംമുമ്പ്...
-
ലക്ഷ്മി ദാമോദർ-കുറ്റ്യാടി.
ഇന്നത്തെ സ്മരണ
പനമ്പിള്ളി ഗോവിന്ദ മേനോൻ മ (1906 -1970)
കെ ഈച്ചരൻ മ (1910-1982)
ഗിരൊലാമോ സവനരോള മ (1452 - 1498),
ഇബ്‌സൻ മ (1828 – 1906)
ജോൺ റോക്ക് ഫെല്ലർ മ(1839 – 1937)
ജോൺ നാഷ് ജൂനിയർ മ (1928 – 2015)
സി കേശവൻ ജ (1891 -1969)
പി.ഗോവിന്ദപിള്ള ജ (1926- 2012)
പി. പത്മരാജൻ ജ ( 1945 – 1991)
ഗായത്രീദേവി ജ (1919 -2009 )
ജോൺ ബാർഡീൻ ജ(1908- 1991)
ചരിത്രത്തിൽ ഇന്ന്
1430 - ജൊവാൻ ഓഫ് ആർക്ക് ബുർഗുണ്ടിക്കാരുടെ പിടിയിലകപ്പെട്ടു.
1533 - ഇംഗ്ലണ്ടിലെ ഹെൻറി എട്ടാമൻ രാജാവും അരാഗോണിലെ കാതറീനുമായുള്ള വിവാഹം അസാധുവായി പ്രഖ്യാപിക്കപ്പെട്ടു.
1568 - നെതർലൻഡ്സ് സ്പെയിനിൽനിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
1915 - ഒന്നാം ലോകമഹായുദ്ധം: ഇറ്റലി സഖ്യകക്ഷികളോട് ചേർന്ന് ഓസ്ട്രിയ-ഹംഗറിക്കെതിരേ യുദ്ധം പ്രഖ്യാപിക്കുന്നു.
1929 - സംസാരിക്കുന്ന ആദ്യ മിക്കി മൗസ് ചിത്രം, The Karnival Kid, പുറത്തിറങ്ങി
▬▬▬▬▬▬▬▬▬▬▬▬▬
😷മാസ്ക് ധരിക്കൂ😷
കുടുംബത്തെ സംരക്ഷിക്കൂ
🌐🌐🌐🌐🌐🌐🌐🌐



0 അഭിപ്രായങ്ങള്‍