സര്‍ക്കാരിന് ഒന്നും ചെയ്യാനില്ല; സ്വപ്നയുമായി ബന്ധമില്ല; രോഷത്തോടെ മുഖ്യമന്ത്രി

വിമാനത്താവളത്തിലെ കള്ളക്കടത്തില്‍ സര്‍ക്കാരിന് ഒന്നുംചെയ്യാനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കള്ളക്കടത്ത് തടയാന്‍ നിയോഗിക്കപ്പെട്ട കസ്റ്റംസാണ് ക്രമക്കേട് കണ്ടെത്തേണ്ടത്. പാഴ്സല്‍ വന്നത് യുഎഇ കോണ്‍സുലേറ്റിലേക്കാണ്. കോണ്‍സുലേറ്റിന്റെ അധികാരപത്രം ഉപയോഗിച്ചാണ് ക്രമക്കേട് നടന്നത്. ഇതില്‍ സംഭവിച്ച വീഴ്ചയില്‍ സര്‍ക്കാരിന് എങ്ങനെ മറുപടി പറയാനാവും? സംസ്ഥാനസര്‍ക്കാരിന്റെ ഏതുറോളാണ് ഇവിടെ വരുന്നതെന്നും മുഖ്യമന്ത്രി രോഷത്തോടെ ചോദിച്ചു.

വിവാദവനിതയ്ക്ക് ഓഫിസുമായി ബന്ധമില്ല 

സ്വപ്ന സുരേഷിന് തന്റെ ഓഫിസുമായി ഒരു ബന്ധവുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഐടി വകുപ്പുമായും വിവാദവനിതയ്ക്ക് ബന്ധമില്ല. ഒരു പ്രോജക്ടിന്റെ മാര്‍ക്കറ്റിങ് ചുമതലയാണ് സ്വപ്നയ്ക്കുണ്ടായിരുന്നത്. സ്വപ്നയെ ജോലിക്കെടുത്തത് പ്രോജക്ട് മാനേജ്മെന്റ് നേരിട്ടല്ല. പ്ലേസ്മെന്റ് ഏജന്‍സി വഴിയാണ് സ്വപ്ന സുരേഷിനെ ജോലിക്കെടുത്തത്. ഇത്തരം പ്രോജക്ടുകളില്‍ താല്‍കാലികനിയമനം നടത്തുന്നതില്‍ അസ്വാഭാവികതയില്ല. സ്വപ്നയുടെ പ്രവര്‍ത്തനപരിചയം കണക്കാക്കിയിട്ടുണ്ടാവും. സര്‍ക്കാരിന് പങ്കില്ല. യുഎഇ കോണ്‍സുലേറ്റിലേയും എയര്‍ ഇന്ത്യ സാറ്റിലേയും പരിചയം കണക്കിലെടുത്തുകാണും. കോണ്‍സുലേറ്റ്, എയര്‍ ഇന്ത്യ നിയമനങ്ങള്‍ ഏതെങ്കിലും ശുപാര്‍ശ കൊണ്ടാണോ എന്നറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.


'സ്വപ്നയ്ക്കെതിരെ പരാതിയില്ല'

സ്വപ്ന നിര്‍വഹിച്ച ചുമതലയെക്കുറിച്ച് സര്‍ക്കാരിന് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഉയര്‍ന്നുവന്ന ആരോപണങ്ങളുമായി സര്‍ക്കാരിന് ഒരു ബന്ധവുമില്ല. ഇത്തരത്തിലുള്ള ഏതെങ്കിലും ആളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നിലപാടെടുക്കില്ല. ഒരു കുറ്റവാളിയേയും സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനില്ല. കസ്റ്റംസിനാവശ്യമായ എല്ലാ പിന്തുണയും സര്‍ക്കാര്‍ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍