വാഴാനി ഡാം നിറഞ്ഞില്ല, പക്ഷേ സ്ലൂയിസ് വാൽവ് തുറന്നു; എന്തിന്? അറിയാം ഈ കരുതൽ നടപടി


 വാഴാനി ഡാമിൽ ജലനിരപ്പ് നിയന്ത്രിക്കാൻ സ്ലൂയിസ് വാൽവ് തുറന്നു; ആശങ്ക വേണ്ടെന്ന് അധികൃതർ

വടക്കാഞ്ചേരി: വാഴാനി ഡാം നിറഞ്ഞതുകൊണ്ടല്ല, മറിച്ച് ജലനിരപ്പ് ക്രമീകരിക്കുന്നതിൻ്റെ ഭാഗമായി ഡാമിലെ സ്ലൂയിസ് വാൽവ് തുറന്ന് വെള്ളം വടക്കാഞ്ചേരി പുഴയിലേക്ക് ഒഴുക്കിവിട്ടു. ഡാമിൻ്റെ പരമാവധി സംഭരണശേഷിയുടെ മൂന്നിലൊന്ന് വെള്ളം പോലും ഇപ്പോഴില്ലെന്നും, ഡാം നിറഞ്ഞാൽ തുറക്കുന്ന ഷട്ടറിൻ്റെ ഏഴയലത്തുപോലും നിലവിൽ ജലനിരപ്പ് എത്തിയിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. ഡാം ഷട്ടറുകളല്ല, സ്ലൂയിസ് വാൽവാണ് തുറന്നതെന്നതാണ് പ്രധാനപ്പെട്ട വിവരം.

ഡാം അസിസ്റ്റന്റ് എഞ്ചിനീയർ പി.എസ്. സാൽവിൻ്റെ നേതൃത്വത്തിലാണ് വാൽവ് തുറന്നത്. നിലവിൽ 51.42 മീറ്ററാണ് ഡാമിലെ ജലനിരപ്പ്, ഇത് സംഭരണ ശേഷിയുടെ 30.86 ശതമാനം മാത്രമാണ്. മഴ കുറവായതിനാലാണ് പരിമിതമായ അളവിൽ വെള്ളം തുറന്നുവിട്ടതെന്നും, ഡാമിലെയും പുഴയിലെയും ജലനിരപ്പ് ഒരുമിച്ച് ഉയരുന്നത് മൂലമുണ്ടാകാവുന്ന പ്രളയ സാധ്യത ഒഴിവാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒഴുകുന്നത് പരിമിതമായ അളവിൽ മാത്രം

സെക്കൻഡിൽ 0.69 ഘന മീറ്റർ എന്ന അളവിൽ, 12.5 സെൻ്റീമീറ്റർ ഉയർത്തിയാണ് സ്ലൂയിസ് വാൽവ് തുറന്നിരിക്കുന്നത്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡാം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. കളക്ടറുടെ നിർദ്ദേശപ്രകാരവും ജലസേചന വകുപ്പ് ഉദ്യോഗസ്ഥരുടെ അനുമതിയോടെയുമാണ് ഈ നടപടി സ്വീകരിച്ചത്. പുഴയിൽ വെള്ളം ഉയരുന്ന അവസ്ഥയോ വെള്ളക്കെട്ടോ നിലവിലില്ലെന്നും മഴയുടെ അളവിനനുസരിച്ച് ഇത് ക്രമീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

ജലനിരപ്പ് കുറയ്ക്കുന്നതിനുള്ള മുൻകരുതൽ നടപടിയാണിത്. ആവശ്യമായ ജലനിരപ്പിൽ എത്തുമ്പോൾ വാൽവ് അടയ്ക്കും. ഒന്നോ രണ്ടോ ദിവസത്തേക്കാണ് ജലനിരപ്പ് ക്രമീകരിക്കാൻ ഉദ്ദേശിക്കുന്നത്. പുഴയിൽ വെള്ളം കൂടാൻ സാധ്യതയുണ്ടെങ്കിൽ വാൽവ് അടയ്ക്കാൻ സാധിക്കുമെന്നും കുടിവെള്ളത്തിനായി നൽകുന്ന അളവിലുള്ള വെള്ളം മാത്രമാണ് ഇപ്പോൾ പുഴയിലേക്ക് ഒഴുക്കുന്നതെന്നും അധികൃതർ അറിയിച്ചു.

വീഡിയോ കാണാം👇


#വടക്കഞ്ചേരി_വാർത്തകൾ #WADAKKANCHERY_VARTHAKAL #Wadakkanchery #DamWaterLevel #KeralaNews #FloodPrevention #VazhaniDam #Vazhani


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍