വടക്കാഞ്ചേരി: ബാല്യകാല സൗഹൃദങ്ങളിലൂടെ സമൂഹത്തിൽ സൗഹൃദം വളർത്തുകയും അവരെ അക്ഷരങ്ങൾക്ക് ലഹരിയാക്കുകയും ചെയ്യണമെന്ന് പ്രശസ്ത കവി വി. മധുസൂദനൻ നായർ അഭിപ്രായപ്പെട്ടു. വടക്കാഞ്ചേരി ശ്രീ കേരളവർമ്മ പബ്ലിക്ക് ലൈബ്രറിയിൽ വി.കെ. നാരായണ ഭട്ടതിരി സ്മൃതി പുരസ്കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കളിയിടങ്ങൾ നഷ്ടപ്പെട്ടുവരുന്ന കുട്ടികളിൽ സംസ്കാരത്തിൻ്റെ മഹത്വം ബോധ്യപ്പെടുത്തുകയും അവരുടെ ഭാവനയ്ക്ക് ചിറകുകൾ നൽകുകയും വേണം. അക്ഷരങ്ങളുടെ ലോകം അവർക്ക് ലഹരിയായി മാറണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
11,111 രൂപയും പുസ്തകവും പ്രശസ്തി ഫലകവും അടങ്ങുന്ന വി.കെ. നാരായണ ഭട്ടതിരി സ്മൃതി പുരസ്കാരം, സ്മൃതി സമ്മേളനം ഉദ്ഘാടനം ചെയ്ത കെ. രാധാകൃഷ്ണൻ എം.പി. വി. മധുസൂദനൻ നായർക്ക് സമ്മാനിച്ചു. ലൈബ്രറി പ്രസിഡൻ്റ് വി. മുരളി അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ മുഖ്യാതിഥിയായിരുന്നു.
സാഹിത്യ അക്കാദമി അംഗം ഡോ. ശ്രീലത വർമ്മ, ലൈബ്രറി സെക്രട്ടറി ജി.സത്യൻ, ഫാദർ റോയ് വടക്കൻ, പി. ശങ്കരനാരായണൻ, ഡോ. ജയശ്രീകൃഷ്ണകുമാർ, പി.കെ. ഗോപാലൻ, പി.കെ. സുബ്രമണ്യൻ തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങിൽ സംസാരിച്ചു.
ഈ പുരസ്കാരം അക്ഷരലോകത്തെ അദ്ദേഹത്തിൻ്റെ വിലപ്പെട്ട സംഭാവനകൾക്കുള്ള അംഗീകാരമാണെന്ന് പ്രസംഗകർ അഭിപ്രായപ്പെട്ടു. വായനയുടെ പ്രാധാന്യവും കുട്ടികളിൽ അക്ഷരങ്ങളോടുള്ള സ്നേഹം വളർത്തേണ്ടതിൻ്റെ ആവശ്യകതയും ചടങ്ങിൽ ഉയർന്നു കേട്ടു.


0 അഭിപ്രായങ്ങള്‍