ചെറുതുരുത്തി: ഷൊർണൂരിൽ നിന്നും കാണാതായ കൂനത്തറ സ്വദേശികളായ മൂന്ന് പത്താം ക്ലാസ് വിദ്യാർത്ഥിനികളെ ചെറുതുരുത്തി പോലീസ് കോയമ്പത്തൂരിൽ നിന്നും കണ്ടെത്തി. ഇന്നലെ രാവിലെ മുതൽ കാണാതായ പെൺകുട്ടികളെ കോയമ്പത്തൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് പോലീസ് കണ്ടെത്തിയത്. മൂവരും സുരക്ഷിതരാണെന്ന് പോലീസ് അറിയിച്ചു.
ഷൊർണൂർ സെന്റ് തെരേസ കോൺവെന്റിലെ പത്താം ക്ലാസ് പരീക്ഷാർത്ഥികളായ ഈ മൂന്ന് പെൺകുട്ടികളെയും ഇന്നലെ രാവിലെ മുതൽ കാണാനില്ലായിരുന്നു. തുടർന്ന് ബന്ധുക്കൾ ഷൊർണൂർ, ചെറുതുരുത്തി പോലീസ് സ്റ്റേഷനുകളിൽ പരാതി നൽകുകയായിരുന്നു. ദേശമംഗലത്തുള്ള ഒരു സഹപാഠിയെ കാണാനാണ് ഇവർ വീട്ടിൽ നിന്നും പോയതെന്നാണ് വിവരം.അന്വേഷണത്തിൽ, കുട്ടികളുടെ മൊബൈൽ ഫോണിൻ്റെ അവസാന ലൊക്കേഷൻ കോയമ്പത്തൂരിലെ ഉക്കടയിലാണെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ചെറുതുരുത്തി പോലീസ് ഉദ്യോഗസ്ഥർ കോയമ്പത്തൂരിലേക്ക് തിരിക്കുകയും, അവിടെ വെച്ച് കുട്ടികളെ കണ്ടെത്തുകയുമായിരുന്നു.
16 വയസ്സ് പ്രായമുള്ള മൂന്ന് പെൺകുട്ടികളെയും കണ്ടെത്തിയതിലൂടെ വലിയൊരു ആശങ്കയാണ് ഒഴിഞ്ഞുപോയതെന്ന് പോലീസ് പറഞ്ഞു. കുട്ടികളുമായി പോലീസ് സംഘം കേരളത്തിലേക്ക് തിരിച്ചിട്ടുണ്ട്. ചെറുതുരുത്തി പോലീസിൻ്റെ സമയോചിതമായ ഇടപെടലാണ് കുട്ടികളെ എത്രയും പെട്ടെന്ന് കണ്ടെത്താൻ സഹായിച്ചതെന്ന് നാട്ടുകാർ അഭിപ്രായപ്പെട്ടു. ഈ വിഷയത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നുണ്ട്.



0 അഭിപ്രായങ്ങള്‍