തൃശൂരിന്‍റെ മലയോരമേഖലകള്‍ വന്യജീവിശല്യത്താല്‍ വലഞ്ഞുതുങ്ങിയിട്ടു വർഷങ്ങളായി. മണ്ണില്‍ അധ്വാനിച്ചു കൃഷിയിറക്കിയാല്‍ ആനയും കാട്ടുപന്നികളും കുരങ്ങും മലയണ്ണാനും ഒന്നും ബാക്കിവയ്ക്കാറില്ല.
വിയർപ്പൊഴുക്കി നട്ടുപരിപാലിക്കുന്ന വിളകള്‍ ഒറ്റരാത്രികൊണ്ട് ഇല്ലാതാകുന്നത് കണ്ണീരോടെ നോക്കിനില്‍ക്കാൻ മാത്രമാണു കർഷകർക്കു കഴിയുന്നത്. നഷ്ടപരിഹാരംതേടിയുള്ള അലച്ചിലാണ് പിന്നെ. നടപടിയെടുക്കുമെന്നു നൂറുവട്ടം ആണയിടുന്ന വനംവകുപ്പും കൃഷിവകുപ്പും പഞ്ചായത്തുമൊന്നും ഈസമയം ഇവരെ തിരിഞ്ഞുനോക്കില്ല.
കർഷകരെയും കൃഷിയെയും സംരക്ഷിക്കാൻ കാക്കത്തൊള്ളായിരം സ്ഥാപനങ്ങളും വകുപ്പുകളും ഉദ്യോഗസ്ഥരുമുള്ളപ്പോഴാണ് കൃഷി ഉപജീവനമാക്കുന്ന കർഷകരുടെ കഷ്ടപ്പാട്. കാട്ടുമൃഗങ്ങള്‍ക്കുനല്‍കുന്ന പരിഗണനയെങ്കിലും മണ്ണിനോടു മല്ലടിക്കുന്ന ഞങ്ങളോടു കാട്ടണമെന്നാണ് കർഷകർ കൈകൂപ്പി ആവശ്യപ്പെടുന്നത്.
ഗ്രാമങ്ങള്‍ വന്യജീവി ശല്യത്തില്‍ പൊറുതിമുട്ടി. ആനയ്ക്കും കാട്ടുപന്നിക്കും പുറമേ, പുലിയും മാനും കൃഷിയിടത്തിലിറങ്ങി. മുപ്ലിയില്‍ വീടിനുമുന്പില്‍ പുള്ളിപ്പുലി എത്തിയതോടെ രാത്രിയില്‍ പുറത്തിറങ്ങാനും ജനത്തിനു ഭീതിയാണ്. മിക്കരാത്രികളിലും കാട്ടാനക്കൂട്ടം വിളകള്‍ നശിപ്പിക്കുന്നു. ഇന്നലെ പുലർച്ചെയും മുപ്ലിയില്‍ കാട്ടാനകളെത്തി വാഴയടക്കം നശിപ്പിച്ചു. വാസുപുരം പാലത്തിനു സമീപം നൂലവുള്ളി സ്വദേശി തണ്ടാശേരി ശിവന്‍റെ നടീല്‍കഴിഞ്ഞ പാടത്താണു കാട്ടുപന്നിക്കൂട്ടം ഇറങ്ങിയത്. പത്തുകുളങ്ങരയില്‍ ഈയിടെ ജനവാസ മേഖലയില്‍ പുലിയെ കണ്ടെന്നു നാട്ടുകാർ പറഞ്ഞു.
വീടുകള്‍ക്കു സമീപംവരെ കാട്ടാനകളെത്തി. മുപ്ലി തേക്കുതോട്ടത്തിനോടു ചേർന്നു താളൂപ്പാടത്തിന് അടുത്തുള്ള കൃഷിയിടങ്ങള്‍ കാട്ടാനകളുടെ വിഹാരകേന്ദ്രമായിട്ടു വർഷങ്ങളായി. മുണ്ടാടൻ ബാബുവിന്‍റെ കൃഷിത്തോട്ടത്തില്‍ ഒരുവർഷം നാലുവട്ടമാണു കാട്ടാനകള്‍ ഇറങ്ങിയത്. വിളവെടുക്കാറായ 700 നേന്ത്രവാഴകള്‍ നശിപ്പിച്ചു. കൃഷി ഉപേക്ഷിക്കാനുള്ള ആലോചനയിലാണ് ഇപ്പോള്‍ കർഷകർ.
കാട്ടുപന്നികളും വാഹനങ്ങള്‍ക്കു കുറുകേചാടുന്നതു പതിവ്. മുപ്ലി വനപ്രദേശത്തു തന്പടിച്ച വന്യജീവികളാണ് താളൂപ്പാടം മുപ്ലി ഗ്രാമങ്ങളുടെ ഉറക്കംകെടുത്തുന്നത്. വന്യജീവികള്‍ കാടിറങ്ങാതിരിക്കാൻ ഫലപ്രദമായ നടപടികള്‍ അധികൃതർ സ്വീകരിക്കുന്നില്ലെന്ന പരാതിയാണു നാട്ടുകാർക്ക്. വനാതർത്തികളിലെ സോളാർ വേലികളും കാര്യമായ ഗുണംചെയ്യുന്നില്ല. അറ്റകുറ്റപ്പണികള്‍ വൈകി ഇവ പലപ്പോഴും പ്രവർത്തിക്കാറില്ല. പുലരുംമുന്പേ ബാറ്ററി ചാർജ് തീരുന്നതിനാല്‍ കാട്ടാനകള്‍ക്കു നിഷ്പ്രയാസം വേലി തകർക്കാൻ കഴിയും. മഴക്കാലത്തു ശരിയായി സൂര്യപ്രകാശം കിട്ടാത്തതും സോളാർ വേലിയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു. ആഴമുള്ള കിടങ്ങുകള്‍ നിർമിച്ചാല്‍ ആനകളെ പ്രതിരോധിക്കാൻ കഴിയുമെങ്കിലും അങ്ങനെയൊരു ചിന്ത അധികൃതർക്കില്ല.

0 അഭിപ്രായങ്ങള്‍