വാഴാനിയിൽ സന്ദർശകർക്കായി ഇൻസ്പെക്ഷൻ ബംഗ്ലാവ് തുറന്നുനൽകാത്തതെന്തെന്ന കളക്ടർ ഹരിത വി. കുമാറിന്റെ ചോദ്യത്തിനു മുന്നിൽ ജലസേചന ഉദ്യോഗസ്ഥർക്ക് ഉത്തരംമുട്ടി. ഒപ്പമുണ്ടായിരുന്ന സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ., സന്ദർശകർ ധാരാളമെത്തുന്ന വാഴാനിയിൽ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നുള്ള സമീപനം സന്ദർശകരെ അകറ്റുന്നതാണെന്ന് തുറന്നടിച്ചു.
കഴിഞ്ഞ ഒരുവർഷത്തിനുള്ളിൽ വാഴാനിയുടെ ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്തി സഞ്ചാരികളെ ആകർഷിക്കുന്നതിന് നിരവധി നിർദേശങ്ങൾ മുന്നോട്ട് വെച്ചിരുന്നു. വാച്ച്മാൻ ഇല്ലാത്തതാണ് ഐ.ബി. വർഷങ്ങളായി അടച്ചിട്ടതെന്ന ജലസേചനവിഭാഗം ഉദ്യോഗസ്ഥരുടെ മറുപടി ഒട്ടും തൃപ്തികരമല്ലെന്ന് പറഞ്ഞ കളക്ടർ, ഇക്കാര്യം ഇതുവരെ ശ്രദ്ധയിൽപ്പെടുത്താതിരുന്നതിന്റെ വിശദീകരണവും ആവശ്യപ്പെട്ടു. വർഷങ്ങളായി അടഞ്ഞുകിടക്കുന്ന ഐ.ബി.യെക്കുറിച്ച് മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു
അണക്കെട്ടിനെക്കുറിച്ച് വിശദവിവരങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്ന നക്ഷത്രബംഗ്ലാവ് സന്ദർശകർക്കായി തുറക്കാത്തതും ജലസംഭരണി വൃത്തിയാക്കാത്തതും ഓപ്പൺ എയർ തിയേറ്റർ പ്രയോജനപ്പെടുത്താതുമെല്ലാം ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ അധ്യക്ഷകൂടിയായ കളക്ടർ ചോദിച്ചറിഞ്ഞു. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ.യോടൊപ്പം വാഴാനി ഫെസ്റ്റിന്റെ ഒരുക്കങ്ങൾ പരിശോധിക്കാൻ അണക്കെട്ടിലെത്തിയതായിരുന്നു കളക്ടർ.
ഡി.ടി.പി.സി. സെക്രട്ടറി ജോബി ജോർജ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എം.കെ. ശ്രീജ, പി.ആർ. രാധാകൃഷ്ണൻ, ഷൈനി ജേക്കബ്, വി.ജി. സുരേഷ്, ജലസേചനവിഭാഗം സബ് ഡിവിഷൻ എൻജിനീയർ ടി.വി. അനിൽകുമാർ, വാഴാനി അസി. എൻജിനീയർ അഞ്ജന തുടങ്ങിയവരോടൊപ്പം അണക്കെട്ടിലെ ഉദ്യാനം, തൂക്കുപാലം, കുട്ടികളുടെ പാർക്ക് എന്നിവയും കളക്ടർ സന്ദർശിച്ചു.⚫️
വടക്കാഞ്ചേരി വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക ⤵️
0 അഭിപ്രായങ്ങള്‍