വടക്കാഞ്ചേരി ബൈപാസ്; വടക്കാഞ്ചേരി എം എൽ എ യും ഉന്നത ഉദ്യോഗസ്ഥരും ചേർന്ന് സ്ഥലം സന്ദർശിച്ചു

വടക്കാഞ്ചേരി ബൈപാസ്; വടക്കാഞ്ചേരി എം എൽ എ യും ഉന്നത ഉദ്യോഗസ്ഥരും ചേർന്ന് സ്ഥലം സന്ദർശിച്ചു

2017 - 18 സാമ്പത്തിക വര്‍ഷത്തില്‍ വടക്കാഞ്ചേരി ബൈപാസിനായി 20 കോടി രൂപ കിഫ്ബി ഫണ്ട് അനുവദിക്കുകയും 5 ലക്ഷം രൂപ ചിലവില്‍ ഇന്‍വെസ്റ്റിഗേഷന്‍ നടത്തി അലൈന്‍മെന്റിന്റെ രൂപരേഖ തയ്യാറാക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് വേണ്ട അഡീഷണല്‍ ഇന്‍വെസ്റ്റിഗേഷന് 10 ലക്ഷം രൂപ അനുവദിച്ചു. ബൈപാസ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനായി അഡീഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ പൂര്‍ത്തിയാക്കി ഫൈനല്‍ അലൈന്‍മെന്റ് തീരുമാനിച്ച് മുന്നോട്ടു പോകുന്നതിനായി സേവ്യര്‍ ചിറ്റിലപ്പിള്ളി എം എല്‍ യുടെ നേതൃത്വത്തില്‍ ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം വിളിച്ചു ചേര്‍ക്കുകയും സൈറ്റ് വിസിറ്റ് നടത്തുകയും ചെയ്തു.

ഡിസൈന്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്കാണ് ഡി പി ആര്‍ തയ്യാറാക്കി നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കാനാവുക. ഈ പ്രവര്‍ത്തനത്തിന് വേഗത വര്‍ധിപ്പിക്കാന്‍ ആവശ്യമായ തീരുമാനങ്ങള്‍ യോഗം കൈക്കൊണ്ടു. നിര്‍ദ്ദിഷ്ട അലൈന്‍മെന്റ് കടന്നുപോകുന്ന പാത പൂര്‍ണ്ണമായി എം എല്‍ എ യുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളോടൊപ്പം കെ ആര്‍ എഫ് ബി - ക്വാളിറ്റി കണ്‍ട്രോള്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാരുടെ നേതൃത്വത്തിലുള്ള ടീം സന്ദര്‍ശനം നടത്തി. നിര്‍ദ്ദിഷ്ട അലൈന്‍മെന്റില്‍ ഒരു പുഴപ്പാലവും ഒരു റെയില്‍വേ ഓവര്‍ ബ്രിഡ്ജും ഉള്‍പ്പെടുന്നുണ്ട്. ആ സ്ഥലങ്ങളില്‍ വിശദമായ മണ്ണു പരിശോധനയും മറ്റു പരിശോധനകളും ആവശ്യമാണ്.

അഡീഷണല്‍  ഇന്‍വെസ്റ്റിഗേഷന്‍ ത്വരിത ഗതിയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ യോഗം തീരുമാനിച്ചു. ഡിസൈന്‍ വിങുമായി ബന്ധപ്പെട്ട ജോലികള്‍ എത്രയും വേഗം പൂര്‍ത്തീകരിച്ച് ഡിസൈന് അന്തിമരൂപം നല്‍കുന്ന പ്രവര്‍ത്തനം വേഗത്തിലാക്കാന്‍ ഇടപെടുന്നതിനായും, ഡിസൈന്‍ വിംഗ് ഉന്നത ഉദ്യോഗസ്ഥരെക്കൂടി ചേര്‍ത്ത് സ്ഥലം സന്ദര്‍ശിക്കുവാനും യോഗം തീരുമാനിച്ചു. റെയില്‍വേയുമായി ബന്ധപ്പെട്ട അനുമതികള്‍ നേടിയെടുക്കുന്നതിനായുള്ള കാര്യങ്ങള്‍ വേഗത്തിലാക്കാന്‍ യോഗം തീരുമാനിച്ചു.

23 മീറ്റര്‍ വീതിയില്‍ 5.3 കിലോമീറ്റര്‍ നാലുവരിപ്പാതയായാണ്‌ നിര്‍ദ്ദിഷ്ട ബൈപാസ്. ഏകദേശം 30 ഏക്കര്‍ ഭൂമി ഇതിനായി അക്വയര്‍ ചെയ്യേണ്ടി വരുമെന്ന് കണക്കാക്കപ്പെടുന്നു. പരമാവധി വീടുകളും കെട്ടിടങ്ങളും ഒഴിവാക്കിയാണ് നിര്‍ദ്ദിഷ്ട അലൈന്‍മെന്റ് കടന്നുപോകുന്നത്. ബൈപാസിന്റെ പ്രവര്‍ത്തനങ്ങള്‍ അതിവേഗം മുന്നോട്ടു കൊണ്ടുപോകുന്നതിന് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും അര്‍പ്പണവും  ഏവരുടെയും സഹകരണവും ഉണ്ടാകണമെന്ന് എം എല്‍ എ യോഗത്തില്‍ അഭ്യര്‍ത്ഥിച്ചു. 

പീച്ചി - വാഴാനി ടൂറിസം കോറിഡോര്‍

 പൊങ്ങണംകാട് മുതല്‍ കരുമത്ര വരെയുള്ള ഒന്നാംഘട്ട പ്രവര്‍ത്തനത്തിന്റെ സാങ്കേതിക അനുമതിക്കായുള്ള കാര്യങ്ങള്‍ ത്വരിത ഗതിയിലാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് യോഗം തീരുമാനിച്ചു. 11.5 കിലോമീറ്റര്‍ ദൂരം 40 കോടിരൂപ കിഫ്ബി നിര്‍ദ്ദേശാനുസരണമുള്ള നിലാവരത്തിലാണ് റോഡ്‌ നിര്‍മ്മാണം വിഭാവനം ചെയ്തിട്ടുള്ളത്. ഇതില്‍ 7.5 കിലോമീറ്റര്‍ ദൂരം വടക്കാഞ്ചേരി നിയോജകമണ്ഡലത്തിലും ബാക്കി ദൂരം ഒല്ലൂര്‍ നിയോജകമണ്ഡലത്തിലുമാണ് കടന്നുപോക്കുന്നത്. സാങ്കേതിക അനുമതി ലഭിക്കുന്നതിനായി, വൈദ്യുതി ലൈനുകളും കുടിവെള്ള പദ്ധതികളുടെ ലൈനുകളും മാറ്റി സ്ഥാപിക്കാന്‍ വേണ്ട എസ്റ്റിമേറ്റ് സമര്‍പ്പിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി അടിയന്തിരമായി യോഗം വിളിക്കുന്നതിനും തീരുമാനിച്ചു. 

യോഗത്തിലും സ്ഥല സന്ദര്‍ശനത്തിലും വടക്കാഞ്ചേരി നഗരസഭ ചെയര്‍മാന്‍ പി എന്‍ സുരേന്ദ്രന്‍, തെക്കുംകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ടി വി സുനില്‍കുമാര്‍, നഗരസഭ വൈസ് ചെയര്‍പേഴ്സന്‍ ഷീല മോഹനന്‍, തെക്കുംകര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഇ. ഉമാലക്ഷ്മി, നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ സ്വപ്ന ശശി, കൌണ്‍സിലര്‍മാരായാ കെ യു പ്രദീപ്‌, ഷീല മുരളി, എ ഡി അജി, മുന്‍ നഗരസഭ വൈസ് ചെയര്‍മാന്‍ എം ആര്‍ സോമാനാരായണന്‍, മുന്‍ നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ എന്‍ കെ പ്രമോദ് കുമാര്‍, തെക്കുംകര ഗ്രാമപഞ്ചായത്ത് സ്ഥിരം സമതി അദ്ധ്യക്ഷന്‍ പി ആര്‍ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കേരള റോഡ്സ് ഫണ്ട് ബോര്‍ഡ് (കെ ആര്‍ എഫ് ബി) എറണാകുളം - തൃശ്ശൂര്‍ ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ മനീഷ വി എസ്, പി ഡബ്ല്യു ഡി  ക്വാളിറ്റി കണ്‍ട്രോള്‍ & ഇന്‍വെസ്റ്റിഗേഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സുമ കെ എസ്, കെ ആര്‍ എഫ് ബി അസിസ്റ്റന്റ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സജിത്ത് ഇ ഐ, പി ഡബ്ല്യു ഡി  ക്വാളിറ്റി കണ്‍ട്രോള്‍ & ഇന്‍വെസ്റ്റിഗേഷന്‍ അസിസ്റ്റന്റ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സജീല കെ എം തുടങ്ങിയവര്‍ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍