ശ്രീമദ്ഭാഗവതതത്ത്വസമീക്ഷാസത്രം - 2021നാലാം ദിവസം 29-12-2021തത്ത്വപ്രവചനങ്ങൾ

സ്വാമി ഭൂമാനന്ദതീർത്ഥ:
_"വൈദികപൈതൃകം രാമായണമഹാഭാരതങ്ങളിലൂടെ ശ്രീമദ്ഭാഗവതത്തിലേയ്ക്ക്"_
*
ബ്രഹ്മജ്ഞാനപ്രാപ്തിയ്ക്ക് ജിജ്ഞാസുവായ ശിഷ്യൻ വേദജ്ഞനും ബ്രഹ്മനിഷ്ഠനുമായ ഒരു ഗുരുവിനെ ഉപചാരങ്ങളോടെ സമീപിച്ച് ബ്രഹ്മവിദ്യ അഭ്യസിയ്ക്കണം. ബ്രഹ്മസാക്ഷാത്കാരത്തോടെ ശിഷ്യൻ്റെ ഹൃദയത്തിൻ്റെ അവിദ്യാവാസനകളാകുന്ന കെട്ടുകളെല്ലാം പൊട്ടിപ്പോകുന്നു. എല്ലാ സംശയങ്ങളും തീരുന്നു. എല്ലാ കർമ്മങ്ങളും കർമ്മഫലങ്ങളും ക്ഷയിയ്ക്കുകയും ചെയ്യുന്നു. 

മുണ്ഡകോപനിഷത്തിലെ തിരഞ്ഞെടുത്ത മന്ത്രങ്ങൾ വ്യാഖ്യാനിച്ചുകൊണ്ട് സ്വാമിജി വിശദീകരിച്ചു. ശുദ്ധവും നിർമ്മലവുമായ മനസ്സുകൊണ്ട് ബ്രഹ്മസാക്ഷാത്കാരം സാധിച്ചിട്ടുള്ള മഹാത്മാക്കൾ ഏതേതു ലോകങ്ങളും ഭോഗങ്ങളും സാധിയ്ക്കണമെന്ന് ആഗ്രഹിയ്ക്കുന്നുവോ സത്യസങ്കല്പന്മാരായ അവർക്ക് അതെല്ലാം സാധിയ്ക്കുന്നു. അതുകൊണ്ട് ഐശ്വര്യം വേണമെന്നാഗ്രഹിയ്ക്കുന്നവർ അങ്ങനെയുള്ള ആത്മജ്ഞാനികളെ ഭക്തിപൂർവം സമീപിയ്ക്കണം.
സ്വാമിനി ശിവപ്രിയാ മാതാജി:
_"ഭക്തനുമുമ്പിൽ പത്തി താഴ്ത്തിയ ദുർവാസസ്സിൻ്റെ ഗർവം"_

ഒരു യഥാർത്ഥ ഭക്തൻ എങ്ങനെയായിരിയ്ക്കണമെന്ന് നമ്മെ പഠിപ്പിയ്ക്കുന്ന ഉപാഖ്യാനമാണ് ശ്രീമദ്ഭാഗവതത്തിലെ അംബരീഷചരിതം. ഭഗവാൻ എപ്പോഴും തൻ്റെ കൂടെ ഉണ്ടെന്നും തന്നെ ആരെങ്കിലും നിന്ദിച്ചാലും സ്തുതിച്ചാലും തനിയ്ക്ക് ഒരുപോലെയാണെന്നും ഉള്ള ഭാവം ഉത്തമഭക്തൻ സദാ പുലർത്തിക്കൊണ്ടിരിയ്ക്കും. അത്തരം ഭക്തരെ ഭഗവാൻ രക്ഷിയ്ക്കുവാൻ പ്രതിജ്ഞാബദ്ധനാണ്.
ഡോ. ലക്ഷ്മീശങ്കർ
_"ഭോഗാനന്ദം വിട്ട് യോഗാനന്ദം സ്വീകരിച്ച യയാതി"_

ജീവിതത്തിൻ്റെ ഏതു മേഖലയിലും ഏതു മണ്ഡലത്തിലും വ്യാപരിയ്ക്കുന്ന ആർക്കും സുകൃതം അല്പമെങ്കിലും അവശേഷിയ്ക്കുന്നുണ്ടെങ്കിൽ ഭഗവാനിലേയ്ക്കു തിരിയുവാനുള്ള പ്രേരണ ഭാഗവതം അദ്ദേഹത്തിനു നല്കുന്നു.
ഭോഗജീവിതം നയിയ്ക്കുന്നവർക്ക് ഉത്തമമായ ഒരു നീതിശാസ്ത്രമാണ് യയാതിചരിതത്തിലൂടെ ഭാഗവതകാരനായ ഋഷി നല്കുന്നത്. ജീവിതസായാഹ്നത്തിലെത്തി നില്കുന്ന വേളയിൽ പുറകോട്ടു തിരിഞ്ഞ് തൻ്റെ ജീവിതത്തിലെ കാട്ടിക്കൂട്ടലുകളെ വിലയിരുത്തുന്ന യയാതി താൻ പഠിച്ച പാഠങ്ങൾ പാടുന്നത് നമുക്കെല്ലാവർക്കും നല്കുന്ന വലിയ അറിവുകളാണ്.
**
തെക്കേടം നാഗരാജൻ നമ്പൂതിരി
_"അദ്ഭുതബാലൻ്റെ അവതാരവിശേഷം"_

ഭൂമിയിൽ ധർമ്മത്തിനു ക്ഷീണം സംഭവിയ്ക്കുമ്പോൾ ഉണ്ടാകുന്ന അസന്തുലിതാവസ്ഥ ശരിയാക്കാനുള്ള ഇടപെടലിൻ്റെ ഭാഗമായി ഭഗവാൻ അവതരിയ്ക്കുന്നു. അപ്രകാരമുള്ള അവതാരങ്ങളിൽ ഏറ്റവും പ്രാധാന്യമർഹിയ്ക്കുന്നതാണ് ശ്രീകൃഷ്ണാവതാരം. ശ്രീമദ്ഭാഗവതത്തിൽ ആ പ്രാധാന്യത്തിന് അർഹിയ്ക്കുന്ന രീതിയിലുള്ള വർണ്ണവും വർണ്ണനയും ഈ അദ്ഭുതബാലൻ്റെ അവതാരത്തിന് നല്കിയതായും കാണാം. തുടർന്നുള്ള ലീലാചരിതവും ഹൃദയസ്പർശിയായി വിവരിച്ചിരിയ്ക്കുന്നു.
ഏ.കെ. ഗോവിന്ദൻജി
_"ബ്രഹ്മാവിന്റെ മായാജാലം ഗോകുലക്കണ്ണനോടോ?"_

ശ്രീകൃഷ്ണൻ്റെ അദ്ഭുതലീലകളിൽ വളരെ പ്രാധാന്യം അർഹിയ്ക്കുന്നതാണ് ബ്രഹ്മവിമോഹനം എന്ന ഈ ഭാഗം. 

ബ്രഹ്മാവ് പശുക്കളേയും കുട്ടികളേയും ഗോപന്മാരേയും മറച്ചത് ഗോകുലക്കണ്ണൻ്റെ മായാലീലകൾ ഇനിയും കാണുന്നതിനു വേണ്ടിയാണ്. അതൊരു കളവോ പരീക്ഷയോ ആയിരുന്നില്ല.
=========ശുഭം=========

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍