ജ്യോതിർഗമയ, മെയ് 24, തിങ്കൾ

1196 എടവം  10

 ചിത്തിര  / ത്രയോദശി

2021 മെയ്  24,

തിങ്കൾ  .


ഇന്ന്,


ബെലീസ് (മുൻപ് ബ്രിട്ടീഷ് ഹോണ്ടുറാസ്എന്നറിയപ്പെട്ടിരുന്ന രാജ്യം) ; കോമൺവെൽത്ത് ദിനം !


എരിത്രിയ: സ്വാതന്ത്ര്യ ദിനം !


ടി.ബി. ഏനു കണ്ണട വ്യാപാരം  ലോക്ഡൗൺ സാഹചര്യത്തിൽ തിങ്കളാഴ്ചയും വ്യാഴാഴ്ചയും രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി മുതൽ തുറന്നു പ്രവർത്തിക്കുന്നു. കോടതിക്കു സമീപം  വടക്കാഞ്ചേരി. ( മദ്രാസ് ഹോട്ടൽ പരിസരം )

 വിളിക്കുക 8129282586

മുൻനിയമസഭ അംഗവും   സി.പി.ഐ (എം)   സംസ്ഥാനകമ്മറ്റി അംഗവുമായ   എം.വി. ജയരാജന്റെയും (1960),


കെ.പി.സി.സി. വൈസ് പ്രസിഡണ്ടും മുൻ ലോകസഭ അംഗവുമായ  എൻ. പീതാംബരക്കുറുപ്പിന്റെയും (1942),


മുൻ കേരളാ  നിയമസഭാംഗവും മുൻ റവന്യു,കയർ വകുപ്പ് മന്ത്രിയും ആറ്റിങ്ങലിൽ നിന്നുള്ള ലോകസഭാ അംഗവുമായ അടൂർ പ്രകാശ്  എം പിയുടെയും (1955)


എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യൻ വനിത   ബചേന്ദ്രി പാലിന്റെയും( 1956)


ഇന്ത്യൻ ഫുട്ബോൾ ടീം അംഗവും കേരളത്തിലെ പുതിയ തലമുറയിലെ ഫുട്ബോൾ കളിക്കാരിൽ ശ്രദ്ധേയനുമായ സി കെ വിനീത് എന്ന ചേകിയോട്ട് കിഴക്കേവീട്ടിൽ വിനീതിന്റെയും(1988),

ജന്മദിനം


ഇന്നത്തെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ

്്്്്്്്്്്്്്്്്്്്


പ്രാദേശികം

*******************


***Covid 19| സംസ്ഥാനത്ത് 188 കോവിഡ് മരണം; 25,820 പേർക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.81


കഴിഞ്ഞ 24 മണിക്കൂറിനിടെ 1,13,205 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.81 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,87,94,256 സാമ്പിളുകളാണ് പരിശോധിച്ചത്

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 188 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 7358 ആയി.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 37,316 പേര്‍ രോഗമുക്തി നേടി.ഇതോടെ 2,77,598 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 20,62,635 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 9,56,865 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 9,17,798 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 39,067 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3606 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.


***കേരളത്തിലെ വിമാനത്താവളങ്ങള്‍ വഴി കടത്തിയ ഒമ്പതര കിലോ സ്വര്‍ണം ബെംഗളൂരുവില്‍ പിടികൂടി


ബെംഗളൂരു: കേരളത്തിലെ വിമാനത്താവളങ്ങൾ വഴി കടത്തിയ ഒമ്പതര കിലോ സ്വർണം ബെംഗളൂരുവിൽ പിടിച്ചെടുത്തു . ഡി.ആർ.ഐ. സംഘമാണ് ബെംഗളൂരു നഗരാതിർത്തിയിൽ വെച്ച് സ്വർണം പിടികൂടിയത് . അതെ സമയം സ്വർണം കടത്തിയവരെ ഡി.ആർ.ഐ. സംഘം പിന്തുടർന്ന് പിടികൂടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ ഡി.ആർ.ഐ. സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കായി അന്വേഷണം തുടരുന്നുണ്ട്


***കോവിഡ് പ്രതിരോധ ഉപകരണങ്ങൾക്ക് അമിതവില ; മെഡിക്കൽ സ്റ്റോറുകൾക്കും ലാബുകൾക്കും പിഴ


കൊട്ടാരക്കര : കോവിഡ് പ്രതിരോധ ഉപകരണങ്ങൾക്ക് ജനങ്ങളിൽ നിന്ന് അമിതവില ഈടാക്കുന്നവരെ പിടികൂടാൻ ലീഗൽ മെട്രോളജി ഉദ്യോഗസ്ഥർ പരിശോധന നടത്തി. പുനലൂർ, കൊട്ടാരക്കര താലൂക്കുകളിലായി നടത്തിയ പരിശോധനയിൽ നാല് സ്ഥാപനങ്ങൾക്കെതിരേ നടപടിയെടുത്തു. ഓക്സിമീറ്റർ, മാസ്ക്, സുരക്ഷാവസ്ത്രം, കിറ്റ്, സാനിെറ്റെസർ, ഇൻഹെയ്‌ലർ മുതലായവയ്ക്കാണ് മെഡിക്കൽ സ്റ്റോറുകളിലും ലാബുകളിലും അമിതവില ഈടാക്കുന്നതായി അധികൃതർ പരിശോധനയിൽ കണ്ടെത്തിയത്. കൂടാതെ പൂർണമായ മേൽവിലാസമില്ലാതെ സൂക്ഷിച്ചിരുന്ന ഉപകരണങ്ങൾ പിടിച്ചെടുത്തു. പിഴയിനത്തിൽ മുപ്പതിനായിരം രൂപ ഈടാക്കി.


***3500 കിലോ നിരോധിത പുകയില ഉത്‌പന്നങ്ങൾ പിടികൂടി


തിരുവനന്തപുരം : 3500 കിലോയോളം നിരോധിത പുകയില ഉത്‌പന്നങ്ങൾ എക്‌സൈസ് പിടികൂടി. ഇവയ്ക്ക് 25 ലക്ഷത്തോളം രൂപ വിലവരും. ബാലരാമപുരം എരുത്താവൂർ ചപ്പാത്ത് സരള ഭവനിൽ സുരേഷ് കുമാറിന്റെ (54) വീട്ടിൽ സൂക്ഷിച്ചിരുന്ന പുകയില ഉത്പന്നങ്ങൾ ആണ് പിടികൂടിയത് . സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ്‌ സ്‌ക്വാഡും തിരുവനന്തപുരം എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങിയത് . വർഷങ്ങളായി പുകയില ഉത്പന്നങ്ങളുടെ കച്ചവടക്കാരനാണ് സുരേഷ് കുമാർ.


***കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലും നേട്ടങ്ങള്‍ കൈവരിച്ച്‌ കുടുംബശ്രീ


കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലും നേട്ടങ്ങള്‍ കൈവരിച്ച്‌ കുടുംബശ്രീ. കൊവിഡ് മഹാമാരിയും അതുമായി ബന്ധപ്പെട്ട ലോക്ക്ഡൗണും സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടയില്‍ കൊവിഡിനെതിരേയുള്ള പോരാട്ടത്തിനും പ്രതിരോധ പ്രവര്‍ത്തനങ്ങളുമായിരുന്നു കുടുംബശ്രീ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 1007 ജനകീയ ഹോട്ടലുകളാണ് കുടുംബശ്രീയുടെ ആരംഭിച്ചത്. ഈ ഹോട്ടലുകളുകളില്‍ നിന്ന് ദിവസേന ഒന്നര ലക്ഷത്തോളം പേര്‍ക്കാണ് 20 രൂപയുടെ ഉച്ചയൂണ് നല്‍കി വരുന്നത്. കൊവിഡ് മഹാമാരിയുടെ തീവ്രതയേറിയ ഘട്ടത്തില്‍ ഉപജീവന ദൗത്യമെന്ന നിലയിലേക്ക് കുടുംബശ്രീ വളര്‍ന്നു. 50,000ത്തിലേറെ സ്വയം തൊഴിലവസരങ്ങളാണ് കുടുംബശ്രീ മുഖേന സൃഷ്ടിച്ചത്


ദേശീയം

***********


***ഛത്തീസ്ഗഡിൽ ഓപ്പണ്‍ ബുക്ക് ഫോർമാറ്റിൽ പ്ലസ്ടു പരീക്ഷ; ജൂണ്‍ ഒന്നിന് ആരംഭിക്കും


റായ്പൂർ: ഛത്തീസ്ഗഡിൽ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ജൂണ്‍ ഒന്നിന് ആരംഭിക്കും. ഓപ്പണ്‍ ബുക്ക് ഫോര്‍മാറ്റിലാവും പരീക്ഷ നടത്തുകയെന്ന് ഛത്തീസ്ഗഡ് സര്‍ക്കാര്‍ വ്യക്തമാക്കി. വിദ്യാര്‍ത്ഥികള്‍ക്ക് വീട്ടിലിരുന്ന് പരീക്ഷ എഴുതാം. ജൂണ്‍ 1മുതല്‍ 5 വരെ ചോദ്യ പേപ്പറുകള്‍ വിതരണം ചെയ്യും. ചോദ്യപേപ്പര്‍ കിട്ടി അഞ്ച് ദിവസത്തിനുള്ളില്‍ ഉത്തരക്കടലാസ് തിരികെ നല്‍കുന്ന രീതിയിലാണ് പരീക്ഷാ നടത്തിപ്പ്. ഓപ്പണ്‍ ബുക്ക് പരീക്ഷാ ഫോര്‍മാറ്റ് എങ്ങനെയാണെന്ന് വിശദമാക്കി ഛത്തീസ്ഗഡ് സര്‍ക്കാര്‍ നിര്‍ദ്ദേശം പുറത്തിറക്കി. എക്സാമിനേഷന്‍ സെന്‍ററിലെത്തി ചോദ്യപേപ്പര്‍ വാങ്ങണം. ഉത്തരക്കടലാസും ജൂണ്‍ 10 ന്തിരികെ നല്‍കണം. പോസ്റ്റല്‍ ആയി അയക്കുന്ന ഉത്തരക്കടലാസ് സ്വീകരിക്കില്ലെന്ന് ഛത്തീസ്ഗഡ് സര്‍ക്കാര്‍ വ്യക്തമാക്കി.


***വാക്‌സിന്‍ സംസ്ഥാനങ്ങൾക്ക് നേരിട്ട് വില്‍ക്കാനാകില്ലെന്ന് മൊഡേണ


ഛണ്ഡീഗഢ്: വാക്‌സിന്‍ സംസ്ഥാനങ്ങൾക്ക് നേരിട്ട് വില്‍ക്കാനാകില്ലെന്ന് യുഎസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ മൊഡേണ. കമ്പനി പോളിസി പ്രകാരം ഇന്ത്യന്‍ സര്‍ക്കാരുമായി മാത്രമേ കരാറിലേര്‍പ്പെടാന്‍ കഴിയുകയുള്ളൂവെന്നും സംസ്ഥാനങ്ങളോട് നേരിട്ട് കരാറിലേര്‍പ്പെടാന്‍ സാധിക്കില്ലെന്നും കമ്പനി വ്യക്തമാക്കി. സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ വിതരണം ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അന്താരാഷ്ട്ര കമ്പനികളുമായി അമരീന്ദര്‍ സിങ് സര്‍ക്കാര്‍ ബന്ധപ്പെട്ടത്. മൊഡേണ, സ്പുട്‌നിക് വാക്‌സിന്‍ നിര്‍മാതാക്കളായ ഗമേലയ ഇന്‍സ്റ്റിറ്റ്യൂട്ട്, ഫൈസര്‍, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ എന്നീ കമ്പനികളുമായി പഞ്ചാബ് സര്‍ക്കാര്‍ ബന്ധപ്പെട്ടതായി സംസ്ഥാന കോവിഡ് വാക്‌സിനേഷന്‍  നോഡല്‍ ഓഫീസര്‍ വികാസ് ഗാര്‍ഗ് വ്യക്തമാക്കി. എന്നാല്‍ ഇതുവരെ മോഡേണ കമ്പനി മാത്രമേ പഞ്ചാബ് സര്‍ക്കാരിന്റെ ആവശ്യത്തോട് പ്രതികരിച്ചിട്ടുള്ളൂ. നേരിട്ട് കരാറിലേര്‍പ്പെടാന്‍ സാധിക്കില്ലെന്നാണ് മൊഡേണ അറിയിച്ചിരിക്കുന്നത്.


***യാസ് ചുഴലിക്കാറ്റ് ; ജനങ്ങളെ ഒഴിപ്പിക്കുന്ന കാര്യം ഉറപ്പുവരുത്തണമെന്ന് പ്രധാനമന്ത്രി


ന്യൂഡല്‍ഹി: ടൗട്ടെ ചുഴലിക്കാറ്റിന് പിന്നാലെ ബംഗാൾ ഉൾക്കടലിൽ രൂപം കൊള്ളുന്ന യാസ് ചുഴലിക്കാറ്റ് നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചുഴലിക്കാറ്റ് വീശാനിടയുള്ള പ്രദേശങ്ങളില്‍നിന്ന് ജനങ്ങളെ മുന്‍കൂട്ടി ഒഴിപ്പിക്കുന്ന കാര്യം ഉറപ്പുവരുത്തണമെന്ന് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തില്‍ പ്രധാനമന്ത്രി നിർദ്ദേശം നൽകി .


അന്തർദേശീയം

*******************


***കനത്ത മഴ; ചൈനീസ് മാരത്തണില്‍ പങ്കെടുത്ത 21 മത്സരാര്‍ത്ഥികള്‍ മരിച്ചു


ബീജിങ്: ചൈനയിലെ പ്രശസ്തമായ മാരത്തണില്‍ പങ്കെടുത്ത 21 മത്സരാര്‍ത്ഥികള്‍ അപ്രതീക്ഷിത കാലാവസ്ഥമാറ്റം മൂലം മരിച്ചു. കാറ്റും മഴയും കടുത്ത തണുപ്പുമാണ് മത്സരാര്‍ത്ഥികളുടെ ജീവനെടുത്തതെന്ന് ചൈനീസ് മാധ്യമങ്ങളും അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ചൈനയിലെ പ്രശസ്ത മാരത്തണ്‍ ഓട്ടക്കാരന്‍ ലിയാങ് ജിങ്ങും മരിച്ചവരുടെ കൂട്ടത്തിലുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ച ഗാന്‍സു പ്രവിശ്യയിലെ ബെയിന്‍ സിറ്റിയിലെ റിവര്‍ സ്റ്റോണിലാണ് മത്സരം നടന്നത്. ഏകദേശം 3000 മീറ്റര്‍ ഉയരത്തില്‍ പര്‍വത പാതയിലൂടെയാണ് മാരത്തണ്‍ നടക്കാറുള്ളത്. പരിചയ സമ്പന്നരായ 172 പേരാണ് മത്സരത്തില്‍ പങ്കെടുത്തതെങ്കിലും അപ്രതീക്ഷിത കാലാവസ്ഥമാറ്റം മത്സരാര്‍ത്ഥികളെ വലച്ചു.


***കോവിഡ് ചട്ട ലംഘനം ; ബ്രസീല്‍ പ്രസിഡന്റിന് മേൽ പിഴ


ബ്രസീലിയ: കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബൊല്‍സൊനാരോയ്ക്ക് മേൽ പിഴ ചുമത്തി. ഒരു പൊതുപരിപാടിയില്‍ വച്ചാണ് പ്രസിഡന്റ് കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചത് .ബ്രസീല്‍ സംസ്ഥാനമായ മാറഞ്ഞോയിലെ ഗവര്‍ണറാണ് പ്രസിഡന്റിനെതിരെ നടപടിയെടുത്തത് . കൂടാതെ ആരോഗ്യ വകുപ്പ് അധികൃതര്‍ ബൊല്‍സൊനാരോയ്‌ക്കെതിരെ കേസ് ഫയല്‍ ചെയ്തിട്ടുമുണ്ട്. നിയമം എല്ലാവര്‍ക്കും ബാധകമാണെന്ന് മാറഞ്ഞോ ഗവര്‍ണര്‍ ഫ്‌ളാവിയോ ഡിനോ പറഞ്ഞു.തന്റെ സംസ്ഥാനത്ത് നൂറിലധികം പേര്‍ ഒത്തുചേരുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെന്നും മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണെന്നം അദ്ദേഹം ഓര്‍മിപ്പിച്ചു. നടപടിയിൽ ബൊല്‍സൊനാരോയ്ക്ക് അപ്പീല്‍ നല്‍കാന്‍ പതിനഞ്ച് ദിവസത്തെ സമയമുണ്ട്. അതിന് ശേഷം പിഴത്തുക എത്രയെന്ന് തീരുമാനിച്ച് അത് ഒടുക്കേണ്ടി വരുമെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.,


കായികം

***********


***ഏഷ്യാ കപ്പ് മാറ്റിവെച്ചു, 2023-ല്‍ നടത്താന്‍ തീരുമാനം


കൊളംബോ: ജൂൺ മാസത്തിൽ ശ്രീലങ്കയിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഏഷ്യ കപ്പ് 2023-ലേക്ക് മാറ്റിവെച്ചു. തീയതി പിന്നീട് അറിയിക്കും. ഞായറാഴ്ച ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എ.സി.സി) ഔദ്യോഗ്കമായി അറിയിച്ചതാണ് ഇക്കാര്യം.

നേരത്തെ 2020-ൽ പാകിസ്താനിൽ നടത്താൻ നിശ്ചയിച്ചിരുന്ന ടൂർണമെന്റ് കോവിഡ് കാരണം 2021-ൽ ശ്രീലങ്കയിലേക്ക് മാറ്റുകയായിരുന്നു. ജൂണിലായിരുന്നു ടൂർണമെന്റ് നടത്താൻ തീരുമാനിച്ചിരുന്നത്.


****ചെല്‍സിക്കും ലിവര്‍പൂളിനും ചാമ്പ്യന്‍സ് ലീഗ് ബര്‍ത്ത്; ലെസ്റ്ററിനെ ടോട്ടനം തകര്‍ത്തു


ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഞായറാഴ്ച അവസാന റൗണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ ലിവർപൂളും ചെൽസിയും ചാമ്പ്യൻസ് ലീഗ് ബർത്ത് ഉറപ്പിച്ചു.


ക്രിസ്റ്റൽ പാലസിനെതിരായ ജയത്തോടെ ലിവർപൂൾ ചാമ്പ്യൻസ് ലീഗ് ബർത്ത് ഉറപ്പിച്ചപ്പോൾ ടോട്ടനത്തോട് തോൽവി വഴങ്ങിയ ലെസ്റ്റർ സിറ്റിക്ക് യോഗ്യത നേടാനായില്ല.ആസ്റ്റൺ വില്ലയോട് തോറ്റെങ്കിലും ചെൽസിയും ചാമ്പ്യൻസ് ലീഗ് ബർത്ത് ഉറപ്പിച്ചു. ലെസ്റ്റർ ജയിച്ചിരുന്നെങ്കിൽ ചെൽസിക്ക് ചാമ്പ്യൻസ് ലീഗ് യോഗ്യത നഷ്ടമാകുമായിരുന്നു.,


വാണിജ്യം

**************


***സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ലോകജാലകം തുറക്കാൻ സർക്കാർ, കേരള സ്റ്റാര്‍ട്ടപ് മിഷൻ ഒരുക്കുന്നു ബിഗ് ഡെമോ ഡേ


തിരുവനന്തപുരം: സ്റ്റാര്‍ട്ടപ്പ് ആശയങ്ങളും ഉല്‍പ്പന്നങ്ങളും അടുത്തറിയാന്‍ അവസരം ഒരുക്കി സംസ്ഥാന സര്‍ക്കാര്‍. ബിഗ് ഡെമോ ഡേ എന്ന പേരിലാണ് സര്‍ക്കാര്‍ പരിപാടി സംഘടിപ്പിക്കുന്നത്. മെയ് 24ന് സ്റ്റാര്‍ട്ടപ്പുകളുമായി ബന്ധപ്പെട്ട വെര്‍ച്യല്‍ പ്രദര്‍ശനം നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.


*ഇന്നത്തെ മൊഴിമുത്ത്*

്്്്്്്്്്്്്്്്്്്


''ശ്രീശങ്കരാചാര്യസ്വാമി മുന്നം

കാശിയിൽ വച്ചു കുളി കഴിഞ്ഞു

ഈശനെക്കാണുവാൻ പോയപ്പോളുണ്ടായ

പേശലിതുകേൾക്ക യോഗപ്പെണ്ണെ!- അതു

മോശത്തരം തീർക്കും ജ്ഞാനപ്പെണ്ണെ!


. തിങ്കൾത്തലയൻ പറയനുമായ്

ശങ്കരിയെന്നപറച്ചിയുമായ്

ശങ്കരാചാര്യർ വരുന്ന വഴിമദ്ധ്യേ

ശങ്കയെന്ന്യേ നിന്നുയോഗപ്പെണ്ണെ!- തെല്ലൊ

രങ്കമുണ്ടായപ്പോൾ ജ്ഞാനപ്പെണ്ണെ!


. കെട്ടിയപെണ്ണുമായ് മാർഗമദ്ധ്യം

മുട്ടിച്ചിടാതെ വഴിമാറെടാ!

കട്ടിയിലിങ്ങനെയാചാര്യ സ്വാമികൾ

തട്ടിക്കേറിയല്ലോ യോഗപ്പെണ്ണെ!- നാടൻ

മട്ടിതല്ലോയിന്നും ജ്ഞാനപ്പെണ്ണെ!


. ആട്ടിയ നേരത്തു ചണ്ഡാളൻ

മട്ടൊന്നുമാറി മുഖം കറുത്തു

പെട്ടെന്നു ചൊല്ലി; ഞാൻ കാര്യം ഗ്രഹിയാതെ

വിട്ടൊഴികില്ലെടോ, യോഗപ്പെണ്ണെ!- ഇതു

മുട്ടാളത്തമല്ലെ ജ്ഞാനപ്പെണ്ണെ!


. ജാതിഹീനൻ നീ പറയനല്ലോ

ജാതിയിൽ മുൻപൻ ഞാൻ ബ്രാഹ്മണനും

ഓതിയാലപ്പോൾ നീ ഓടണ്ടേ, മാറണ്ടെ

നീതി കൈകൂപ്പണ്ടെ? യോഗപ്പെണ്ണെ!- നിന്റെ

ഖ്യാതിക്കതു കൊള്ളാം ജ്ഞാനപ്പെണ്ണെ!


. എല്ലാവരും നമ്മൾ മാനുഷന്മാ-

രല്ലാതെ മാടും മരവുമല്ല;

വല്ലായ്മ പോക്കുക, ശാസ്ത്രീയമാംജാതി

ചൊല്ലാം മനുഷ്യത്വം യോഗപ്പെണ്ണെ!- ഒരു

നല്ലജാതിയതു ജ്ഞാനപ്പെണ്ണെ! ''


-പണ്ഡിറ്റ് കെ.പി.കറുപ്പൻ-

(ജാതിക്കുമ്മി)


ഇന്നത്തെ ചർച്ച

്്്്്്്്്്്്്്്്്്്്

താൻ പാതി.


സ്റ്റഡിറൂമിൽ  

സർക്കാരിനെ വീഴ്ത്താൻ 

റിമോട്ട് ഞെക്കിയിരിക്കെയാണ് മുൻമുറിയിൽ

ഭാരിച്ച വീഴ്ച കേട്ടത്. 

ഭാര്യയാണ്.

2

പിറന്നാളുകാരി 

കുളിമുറിയിൽനിന്ന്  

നനപാദയായി

രാഹു നോക്കി പാഞ്ഞതാണ്; 

തിരുസന്നിധിയിലേക്ക്. 

വിളക്കിലേക്കാൾ വിളക്കെണ്ണ

നിലത്തായിരുന്നത് പതനമായി.

 

നാസ്തികനെ ധിക്കരിച്ച്,

വാസ്തുവിനെ സ്വീകരിച്ച്

സ്ഥാപിച്ചതാണ്

മുൻമുറിയിൽ ദൈവക്കൂട്.

3

പതിവിന് പകരം,വിളക്ക്

മോളൂട്ടിയെക്കൊണ്ട്  

കത്തിപ്പിച്ചതാണ് വീഴ്ച.

പൊങ്ങച്ചടൈലുകൾക്ക്

പ്രിയമില്ലെണ്ണയോടെന്ന്

യുക്തിവാദം.

4

ഗുളികയും,മുറിവെണ്ണയും കഴിഞ്ഞിരിക്കെ

പെട്ടെന്ന് വെളിച്ചപ്പെട്ടു:-

"പെണ്ണ് കൈയ്യും മുഖോം

കഴുകാതാരിക്കും

വിളക്ക് കത്തിച്ചത്.

തലയടിച്ചില്ല;

ദൈവാധീനം."


അതെയതെ

ദൈവാധീനം;

ശീലംപോലെ.

            ----------

- പി ഹരികുമാർ


ഇന്നത്തെ സ്മരണ

്്്്്്്്്്്്്്്്്്്്്്്്

 മാധവ ശേഷഗിരി പ്രഭു മ ( 1855-1924)


ടി.എൻ. ഗോപിനാഥൻ നായർ മ (1918  -1999)


കെ. എസ്. ഹെഗ്ഡെ മ (1909 -1990 )


മജ്റൂഹ് സുൽത്താൻപുരി മ (1919-2000)


തപൻ ചാറ്റർജി മ (1937 –  2010)


നിക്കോളാസ് കോപ്പർനിക്കസ് മ (1473 –1543)


ജോൺ ഫോസ്റ്റർ ഡള്ളസ് മ(1888-1929 )


ചാൾസ് റൈക്രോഫ്റ്റ്  മ( 1914 –  1998)


പണ്ഡിറ്റ് കറുപ്പൻ ജ (1885 - 1938),


മേലങ്ങത്ത് അച്യുതമേനോൻ ജ( 1887 - 1968)


കെ.വി. സുരേന്ദ്രനാഥ് ജ.(1925 -  2005)


പി.ആർ. രാജൻ ജ( 1936 -  2014)


കാസി നസ്രുൾ ഇസ്ലാo ജ ( 1899 –  1976)


സുസന്ന ലെൻഗ്ലെൻ മ (1899- 1938)


ഡാനിയൽ ഫാരൻഹീറ്റ് ജ (1686 – 1736)


മിഹായേൽ  ഷോളഖോഫ് ജ(1905 - 1984) 


എ.എൽ.ബാഷാം ജ. (1914-1986 )


ജോസെഫ് ബ്രോഡ്സ്കി ജ (1940 –1996)


ചരിത്രത്തിൽ ഇന്ന്

്്്്്്്്്്്്്്്്്്്്


1621 - പ്രൊട്ടസ്റ്റന്റ് യൂണിയൻ ഔപചാരികമായി പിരിച്ചുവിട്ടു.


1830 - സാറ ഹേലിന്റെ മേരിക്കുണ്ടൊരു കുഞ്ഞാട് (Mary had a little lamb) എന്ന കവിത പ്രസിദ്ധീകരിച്ചു.


1982 - കേരളത്തിൽ കെ. കരുണാകരൻ മന്ത്രിസഭ അധികാരത്തിലേറി.


1883 - 14 വർഷം നീണ്ട നിർമ്മാണത്തിനു ശേഷം ന്യൂയോർക്കിലെബ്രൂക്ലിൻ പാലം ഗതാഗത്തിനായി തുറന്നു.


1915 - ഒന്നാം ലോകമഹായുദ്ധം: ഓസ്ട്രിയ-ഹംഗറിക്കെതിരെ ഇറ്റലി യുദ്ധം പ്രഖ്യാപിച്ചു.


1959 - കോഴിക്കോട്‌ ലോക്കൽ ലൈബ്രറി അതോറിറ്റി ആരംഭം.


1961 - സൈപ്രസ് യുറോപ്യൻ കൗൺസിൽ അംഗമായി.


1976 - ലണ്ടനിൽ നിന്നും വാഷിങ്ടൺ ഡി.സി.യിലേക്കുള്ള കോൺകോർഡ് വിമാനസേവനം ആരംഭിച്ചു.


1993 - എറിട്രിയ എത്യോപ്യയിൽ നിന്നും സ്വാതന്ത്ര്യം നേടി.


1993 - മൈക്രോസോഫ്റ്റ് കോർപ്പറേഷൻ വിൻഡോസ് എൻ.ടി. ഓപ്പറേറ്റിങ് സിസ്റ്റം പുറത്തിറക്കി.


2000 - 22 വർഷത്തെ അധിനിവേശത്തിനു ശേഷം ഇസ്രയേൽ സൈന്യം തെക്കൻ ലെബനനിൽ നിന്നും പിൻ‌വാങ്ങി.


2001 - 15 വയസ് മാത്രം പ്രായമുള്ള ഷെർപ്പ ടെംബ ഷേരി, എവറസ്റ്റ് കീഴടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞയാളായി.


2002 - റഷ്യയും അമേരിക്കയുംമോസ്കോ ഉടമ്പടിയിൽ ഒപ്പു വച്ചു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍