ലൈഫ് മിഷന്‍ വടക്കാഞ്ചേരി ഫ്ലാറ്റ് നിര്‍മ്മാണം, തൃശ്ശൂര്‍ ഡി.സി.സി യുടെ നേതൃത്വത്തിൽ, ജനപ്രതിനിധികളുടെ സത്യാഗ്രഹം നാളെ


 


വടക്കാഞ്ചേരി :

ലൈഫ് മിഷന്‍ വടക്കാഞ്ചേരി ഫ്ലാറ്റ് നിര്‍മ്മാണ തട്ടിപ്പില്‍ പ്രതിഷേധിച്ച് തൃശ്ശൂര്‍ ഡി.സി.സി യുടെ നേതൃത്വത്തില്‍ എം.പി മാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളുടെ സത്യാഗ്രഹം നാളെ രാവിലെ 9 മുതല്‍ വൈകുന്നേരം 5 മണി വരെ നടക്കുമെന്ന് അനില്‍ അക്കര എം.എല്‍.എ അറിയിച്ചു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുസ്ലീം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം പി.സി. ചാക്കോ എന്നിവര്‍ സത്യാഗ്രഹ സമരത്തിന്റെ വിവിധ ഘട്ടങ്ങളില്‍ പങ്കെടുക്കും. എം.പി മാരായ ബെന്നി ബെഹന്നാന്‍, ടി.എന്‍. പ്രതാപന്‍, രമ്യാ ഹരിദാസ്, കെ.പി.സി.സി ഭാരവാഹികളായ പത്മജ വേണുഗോപാല്‍, ഒ. അബ്ദുറഹ്മാന്‍കുട്ടി, അബ്ദുള്‍ മുത്തലീഫ്, യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ ജോസഫ് ചാലിശ്ശേരി എന്നിവർ പങ്കെടുക്കും. വടക്കാഞ്ചേരി നിയോജകമണ്ഡലത്തിലെ ഒന്‍പത് മണ്ഡലങ്ങളില്‍ നിന്നായി, ഒരു മണ്ഡലത്തില്‍ നിന്ന് ഇരുപത് പേരടങ്ങുന്ന ഓരോ സംഘങ്ങളാണ് ഓരോ മണിക്കൂര്‍ വീതം സത്യാഗ്രഹത്തില്‍ പങ്കെടുക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ച് നടത്തുന്ന സത്യാഗ്രഹത്തില്‍ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളല്ലാത്തവര്‍ക്ക് പന്തലിലേയ്ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്ന സത്യാഗ്രഹത്തിന്റെ സമാപന സമ്മേളനം പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്യും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി,കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, മുന്‍ പ്രസിഡന്റുമാരായ വി.എം. സുധീരന്‍, എം.എം. ഹസ്സന്‍, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എന്നിവര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് സത്യാഗ്രഹത്തെ അഭിസംബോധന ചെയ്യുകയെന്ന് അനില്‍ അക്കര എം.എല്‍.എ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍