തൃശ്ശൂർ : വെള്ളക്കെട്ടിൽ മുങ്ങി തൃശൂർ നഗരം . താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായതോടെ പൊതു നിരത്തുകളിലെ വാഹന യാത്രികർ ദുരിതത്തിലായി.


മുട്ടോളം വെള്ളത്തിൽ തുഴഞ്ഞു നീങ്ങുകയാണ് കാൽനടയാത്രികർ.കോവിഡ് പ്രതിരോധവും തണുത്തുറയുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ . മലിനജലത്തിലൂടെയുള്ള കാൽനട - വാഹനയാത്രകളാണ് ആശങ്കക്കിടയാക്കുന്നത്. 

മഴ വീണ്ടും കനക്കുന്നതോടെ രോഗങ്ങൾ പടരാനുള്ള സാധ്യത കൂടുതലാണെന്ന വിലയിരുത്തലും ശക്തമാണ്. 
ഇന്നലെ അർധരാത്രി മുതൽ മഴ പെയ്തിരുന്നുവെങ്കിലും മഴ ശക്തമായത് ഇന്ന് രാവിലെ ആറ് മണിയോടു കൂടിയാണ്. 

ജില്ലയിൽ ഇന്ന് രാവിലെ ആറ് മണിയോടു കൂടി തുടങ്ങിയ ശക്തമായ മഴ രണ്ടു മണിക്കൂർ തുടർച്ചയായി പെയ്തതോടു കൂടി നഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. 

ശക്തൻ നഗറിനോട് ചേർന്നുള്ള ഇക്കണ്ടവാര്യർ റോഡ് വെള്ളത്തിൽ മുങ്ങി.

എം ഒ റോഡ്, കോർപ്പറേഷൻ ഓഫീസ് അങ്കണം, സ്വരാജ് റൗഡിലെ ജനറൽ ആശുത്രി പരിസരം, വടക്കേ സ്റ്റാൻ്റ് ഔഷധി റോഡ് , മണ്ണുത്തി തുടങ്ങി ഒട്ടേറെ ഇടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. കഴിഞ്ഞ രണ്ട് പ്രളയത്തിന്റെ പശ്ചാത്തലത്തിൽ വെള്ളക്കെട്ട് തടസങ്ങൾ നീക്കുന്നതിന് കോർപറേഷൻ നടപടികൾ സ്വീകരിച്ചുവെങ്കിലും കോവിഡ് മഹാമാരി വന്നതോടെ ലോക് ഡൗണിൽ നിർമാണ പ്രവർത്തനങ്ങൾ പൂർണാവസ്ഥയിലെത്തിയില്ല. 

ശക്തമായ മഴയിൽ നഗരത്തിൽ വെള്ളക്കെട്ട് മൂലം യത്ര തടസ്സപ്പെടുന്ന നിലയിലായി.പുഴയ്ക്കൽ മേഖലയിലെ തടസങ്ങൾ ഏറെയും നീക്കിയെങ്കിലും നഗരത്തിലെ വെള്ളക്കെട്ടിനു പരിഹാരമായില്ല. തൃശ്ശൂർ വടക്കഞ്ചേരി ദേശീയപാതയിൽ മണ്ണുത്തി സെന്ററിൽ രൂക്ഷമായ വെള്ളക്കെട്ടുണ്ടായത് വാഹന ഗതാഗതം ദുഷ്കരമാക്കി.ചെറിയ മഴക്കുപോലും വെള്ളക്കെട്ടുണ്ടാകുന്ന പ്രദേശത്ത് പരിഹാരം ആവശ്യപ്പെട്ടു നിരവധി പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.മഴ ഇനിയും ശക്തമാവുമെന്ന മുന്നറിയിപ്പിൽ ആശങ്കയിലാണ് നഗരം.
കഴിഞ്ഞവർഷം വീടുകൾ വരെ മുങ്ങിപ്പോയ ചെമ്പൂക്കാവ്, കുണ്ടുവാറ, പൂങ്കുന്നം ഹരി നഗർ തുടങ്ങിയ പ്രദേശങ്ങളും വെള്ളക്കെട്ടു ഭീതിയിലാണ്.ജില്ലയിൽ ഏറ്റവും കൂടുതൽ മഴ പെയ്യുന്നത് ചാലക്കുടി മേഖലയിലാണ് .മഴ കനത്തതോടെ പെരിങ്ങൽ കൂത്ത് ഡാമിൽ ജല നിരപ്പ് ഉയർന്നതിനാൽ ഓറഞ്ച് അലാർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത വേണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.കഴിഞ്ഞ വര്‍ഷങ്ങളിലേത് പോലെ തന്നെ ഓഗസ്റ്റ് മാസത്തോടെ സംസ്ഥാനത്ത് വലിയതോതിൽ മഴക്ക് സാധ്യതയുണ്ടെന്നും, ചിലയിടങ്ങളിൽ 20 സെന്‍റീമീറ്റര്‍ വരെ മഴ കനക്കാൻ സാധ്യതയുണ്ടെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍