ഗൾഫിൽനിന്ന് ഇതുവരെ തിരിച്ചെത്തിയത് 1.82 ലക്ഷം പേർ.



✒കോവിഡ്-19 സൃഷ്ടിച്ച പ്രതിസന്ധി കാരണം വിവിധ ഗൾഫ് നാടുകളിൽനിന്ന് ഇതുവരെയായി തിരിച്ചെത്തിയത് 1.82 ലക്ഷം മലയാളികൾ. ഇതിൽ ഏറിയപങ്കും തൊഴിൽ നഷ്ടപ്പെട്ടവരോ വേതനം വെട്ടിക്കുറയ്ക്കപ്പെട്ടവരോ ആണ്.

മലയാളികൾ ഏറെയുള്ള യു.എ.ഇ., സൗദി എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ പേർ തിരിച്ചെത്തിയത്. ജൂലായ് ഏഴിന് രാത്രിവരെയുള്ള നോർക്ക റൂട്ട്സിന്റെ കണക്കനുസരിച്ച് യു.എ.ഇ.യിൽനിന്ന് 87,342 പേരും സൗദി അറേബ്യയിൽ നിന്ന് 24,893 പേരുമാണ് മടങ്ങിയെത്തിയത്. ചൊവ്വാഴ്ച വരെയുള്ള കണക്കനുസരിച്ച് തിരിച്ചെത്തിയവർ 1,81,771 പേരാണ്. ഈയാഴ്ച അവസാനത്തോടെ ഇത് 1.90 ലക്ഷമാകുമെന്നാണ് അനുമാനം.

കുവൈത്ത്- 13,530, ബഹ്റൈൻ- 7,939, ഖത്തർ - 19,589, ഒമാൻ- 17,952 എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിൽ നിന്ന് തിരിച്ചെത്തിയവരുടെ കണക്ക്. കേരരളത്തിലേക്ക് ഏറ്റവും കൂടുതൽ ചാർട്ടേഡ് വിമാനങ്ങൾ എത്തിയത് യു.എ.ഇ.യിൽ നിന്നാണ്. കേരളത്തിലേക്ക് തിരിച്ചുവരാൻ ആഗ്രഹിക്കുന്നവരായി നോർക്കയിൽ പേര് രജിസ്റ്റർ ചെയ്തവരുടെ എണ്ണം അഞ്ചര ലക്ഷത്തിലേറെയായിരുന്നു. യു.എ.ഇ.യിൽ ചാർട്ടേഡ് വിമാനങ്ങൾക്ക് താത്കാലികമായി നേരിടേണ്ടിവരുന്ന വിലക്ക് കാരണം നിരവധിപേരുടെ യാത്ര മുടങ്ങിയിട്ടുണ്ട്. ഈയാഴ്ച അവസാനത്തോടെ വിലക്ക് നീങ്ങുമെന്നാണ് സൂചന.

അതേസമയം കേരളത്തിൽ കോവിഡ് രോഗികളുടെ കാര്യത്തിൽ നിത്യേനയുണ്ടാകുന്ന വർധന വലിയൊരുവിഭാഗം പ്രവാസികളുടെ യാത്ര മാറ്റിവെക്കുന്നതിന് കാരണമായിട്ടുണ്ട്. ഇപ്പോൾ ഗൾഫ് നാടുകളിൽ നിന്നെത്തുന്നവർക്ക് വീടുകളിൽ തന്നെ ക്വാറന്റീൻ സൗകര്യം അനുവദിക്കുന്നുണ്ടെങ്കിലും സമയപരിധി സംബന്ധിച്ച പുതിയ തീരുമാനങ്ങളും പലരുടെയും യാത്ര മാറ്റാൻ കാരണമായിട്ടുണ്ട്. നേരത്തെ 14 ദിവസമായിരുന്നു നിശ്ചയിച്ചതെങ്കിലും മിക്കയിടങ്ങളിലും ആരോഗ്യ പ്രവർത്തകർ വീണ്ടും രണ്ടാഴ്ചത്തെ ക്വാറന്റീൻ കൂടി നിർദേശിക്കുന്നു. ഇത് പ്രായോഗികമല്ലെന്ന് മിക്ക പ്രവാസികളും അഭിപ്രായപ്പെടുന്നു. നാട്ടിലെത്തിയശേഷം ഏതാണ്ട് ഒരുമാസം തന്നെ വീട്ടിന് പുറത്തേക്ക് പോകാൻ അനുവാദമില്ലെന്നതും പ്രവാസികളുടെ നേർക്ക് ചില കോണുകളിൽ നിന്നുണ്ടാകുന്ന അസുഖകരമായ സമീപനങ്ങളും പലരുടെയും യാത്ര നീട്ടിവെക്കാൻ കാരണമായിട്ടുണ്ട്.

അതിനിടെ ഗൾഫ് നാടുകളിലേക്ക് തിരിച്ചുപോകാനായി ആയിരങ്ങളും കാത്തിരിക്കുന്നുണ്ട്. ഇന്ത്യയുടെ അന്താരാഷ്ട്ര വിമാന സർവീസുകൾ ആരംഭിക്കുന്നതും കാത്താണ് അവർ നിൽക്കുന്നത്. വന്ദേഭാരത് മിഷനിലെ വിമാനങ്ങൾക്ക് ഇവിടെ നിന്ന് യു.എ.ഇ. താമസവിസക്കാരെ കൊണ്ടുപോകാനുള്ള അനുമതി വൈകാതെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എല്ലാവരുടെയും കാത്തിരിപ്പ്. ജൂലായ് 31 വരെ അന്താരാഷ്ട്ര വിമാന സർവീസുകളുണ്ടാവില്ലെന്ന് ഇന്ത്യ പ്രഖ്യാപിച്ച സ്ഥിതിക്ക് ഇത്തരം വിമാനങ്ങളിലാണ് ഇവരുടെ പ്രതീക്ഷ.
▂▂▂▂▂▂▂▂▂▂▂▂▂▂▂▂

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍