ഗവർണ്ണറുടെ നടപടികൾക്കെതിരെ ദേശീയ പതാക ഉയർത്തിയും മരം നട്ടും സി.പി.ഐ.യുടെ പ്രതിഷേധം; വടക്കാഞ്ചേരിയിൽ പരിപാടി സംഘടിപ്പിച്ചു


 വടക്കാഞ്ചേരി: രാജ്ഭവൻ വഴി സംഘപരിവാർ അജണ്ടകൾ ഇന്ത്യൻ ജനാധിപത്യത്തിലേക്ക് ഒളിച്ചുകടത്താനുള്ള കേരള ഗവർണ്ണറുടെ ദുർനടപടിക്കെതിരെ സി.പി.ഐ. സംസ്ഥാന കൗൺസിലിന്റെ ആഹ്വാന പ്രകാരം വടക്കാഞ്ചേരിയിൽ ദേശീയപതാക ഉയർത്തിയും മരം നട്ടും പ്രതിഷേധിച്ചു. ജൂൺ 7-നാണ് സി.പി.ഐ.യുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.

ദേശീയ പതാക ഉയർത്തിക്കൊണ്ട് സി.പി.ഐ. ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.ആർ. സോമനാരായണൻ സംസാരിച്ചു. "കാവിക്കൊടിയേന്തിയ ഭാരതാംബ ആർ.എസ്.എസ്.ന്റേതാണ്. ഇന്ത്യക്ക് സ്വന്തമായി ഭരണഘടന അംഗീകരിച്ച് ആദരിക്കുന്ന ത്രിവർണ്ണ പതാകയുണ്ട്. അതിനെയല്ലാതെ മറ്റൊരു തുണിക്കഷണത്തേയും ആദരിക്കാൻ മലയാളി തയ്യാറാവില്ല," അദ്ദേഹം പ്രസ്താവിച്ചു.

ഭരണഘടനയുടെ ആദരണീയത സമൂഹത്തോട് വിളിച്ചു പറയാനാണ് ദേശീയ പതാകയുയർത്തി പ്രതിഷേധിക്കുന്നതെന്ന്, പതാകക്ക് താഴെ കണിക്കൊന്ന മരം നട്ടുകൊണ്ട് സി.പി.ഐ. ജില്ലാ എക്സിക്യൂട്ടീവ് അംഗം ഇ.എം. സതീശൻ പറഞ്ഞു.

സി.പി.ഐ. മണ്ഡലം സെക്രട്ടറി എം.യു. കബീറിന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിക്ക് വടക്കാഞ്ചേരി ലോക്കൽ സെക്രട്ടറി സി.വി. പൗലോസ് സ്വാഗതവും, മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ഷീല മോഹൻ നന്ദിയും പറഞ്ഞു. എം.എ. വേലായുധൻ, കെ.പി. തോമസ്, പി. സതീഷ്കുമാർ, കെ.കെ. സുരേന്ദ്രൻ, സുനിൽ കുന്നത്തേരി, എ.എ. ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

മാരാത്തുകുന്ന് സെന്ററിൽ മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ഷീല മോഹൻ ദേശീയ പതാക ഉയർത്തി പ്രതിഷേധത്തിൽ പങ്കുചേർന്നു. ബ്രാഞ്ച് സെക്രട്ടറി സുനിൽ കുന്നത്തേരി മരം നട്ടു. കെ.കെ. സുരേന്ദ്രൻ, ബീന ശശിധരൻ, അശ്വനി ബാബു, രാധിക, അപ്പുമോൻ, യദുലാൽ, ബേബി തുടങ്ങിയവർ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകി.


#വടക്കാഞ്ചേരി_വാർത്തകൾ #WADAKKANCHERY_VARTHAKAL #CPILatest #KeralaPolitics #Protest #NationalFlag #Democracy #GovernorIssue #PoliticalProtest #Wadakkanchery

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍