എരുമപ്പെട്ടി: എരുമപ്പെട്ടി ഗവ. എൽ.പി. സ്കൂളിലെ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ അമീബയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. വെള്ളത്തിൽനിന്നാണ് വിഷബാധയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെത്തുടർന്ന് വിവിധ ഭക്ഷ്യസാമ്പിളുകളും വെള്ളവും വിശദമായ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. സ്കൂളിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ സമ്പൂർണ ശുചീകരണം പൂർത്തിയാക്കി.
ഇക്കഴിഞ്ഞ ദിവസങ്ങളിൽ നൂറിലധികം വിദ്യാർഥികളെയാണ് ഭക്ഷ്യവിഷബാധ ഗുരുതരമായി ബാധിച്ചത്. ഇരുനൂറിലധികം കുട്ടികൾക്ക് അസ്വസ്ഥതകളുണ്ടായി. തിങ്കളാഴ്ചയും നിരവധി വിദ്യാർഥികൾ വിവിധ ആശുപത്രികളിൽ ചികിത്സ തേടുകയും, പലരും വീടുകളിൽ വിശ്രമത്തിലുമായിരുന്നു.
വിഷബാധയുടെ ഉറവിടം കണ്ടെത്താനായി കിണറ്റിലെയും ജലസംഭരണികളിലെയും കുടിവെള്ള ഫിൽറ്ററിലെയും വെള്ളത്തിന്റെ സാമ്പിളുകൾ പ്രത്യേകം പരിശോധനയ്ക്കെടുത്തിട്ടുണ്ട്. പരിശോധനാ റിപ്പോർട്ട് വരുന്നതുവരെ സ്കൂളിലെ വെള്ളവും മറ്റ് വസ്തുക്കളും ഉപയോഗിക്കാൻ അനുവദിക്കില്ല. വിദ്യാർഥികൾക്ക് വീടുകളിൽ നിന്ന് ഭക്ഷണവും വെള്ളവും കൊണ്ടുവരാൻ നിർദേശം നൽകിയിട്ടുണ്ട്. കൈകഴുകുന്നതിനും മറ്റ് ആവശ്യങ്ങൾക്കും പഞ്ചായത്ത് ടാങ്കിൽനിന്ന് വെള്ളമെത്തിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്.
ജില്ലാ കളക്ടറുടെ നിർദേശപ്രകാരം വിവിധ വകുപ്പുകൾ ഏകോപിപ്പിച്ചാണ് തുടർ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത്. കുട്ടികളുടെ സ്രവപരിശോധനാ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ അമീബയുടെ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തിൽ, അതീവ ജാഗ്രതയോടെയാണ് ആരോഗ്യവകുപ്പ് പ്രതിരോധപ്രവർത്തനങ്ങൾ നടത്തുന്നത്.
ചൊവ്വാഴ്ച രാവിലെ പത്ത് മുതൽ വൈകീട്ട് മൂന്നുവരെ സ്കൂൾ തുറന്ന് പ്രവർത്തിക്കും.
#വടക്കാഞ്ചേരി_വാർത്തകൾ #WADAKKANCHERY_VARTHAKAL #എരുമപ്പെട്ടി #ഭക്ഷ്യവിഷബാധ #സ്കൂൾ #ആരോഗ്യവകുപ്പ് #അമീബ #ശുചീകരണം #തൃശ്ശൂർ #കേരളം #Erattupetta #FoodPoisoning #SchoolSafety #HealthAlert #Amoeba #Thrissur #KeralaNews #PublicHealth #StudentSafety

0 അഭിപ്രായങ്ങള്‍