നിർദ്ദിഷ്ട വടക്കാഞ്ചേരി ബൈപ്പാസിൽ നിർമ്മിക്കേണ്ട റെയിൽവേ മേൽപ്പാലത്തിനായുള്ള ടോപ്പോഗ്രാഫിക് സർവ്വേയും സോയിൽ ഇൻവെസ്റ്റിഗേഷനും ആരംഭിച്ചു

 

നിർദ്ദിഷ്ട വടക്കാഞ്ചേരി ബൈപ്പാസിൽ നിർമ്മിക്കേണ്ട റെയിൽവേ മേൽപ്പാലത്തിന്റെ ജനറൽ അറേഞ്ച്മെന്റ് ഡ്രോയിങ് (GAD) തയ്യാറാക്കുന്നതിനായി ടോപ്പോഗ്രാഫിക് സർവ്വേയും സോയിൽ ഇൻവെസ്റ്റിഗേഷനും ആരംഭിച്ചു. കൊടുങ്ങല്ലൂർ - ഷൊർണൂർ സംസ്ഥാനപാതയിൽ വടക്കാഞ്ചേരി ടൗണിലുള്ള ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് വിഭാവനം ചെയ്തിട്ടുള്ള പദ്ധതിയാണ് വടക്കാഞ്ചേരി ബൈപ്പാസ്. കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ നിർവ്വഹണം നടത്തുന്നത് പൊതുമരാമത്ത് വകുപ്പിന് കീഴിലെ കേരള റോഡ് ഫണ്ട്‌ ബോർഡ് ആണ്. RIQCL മുഖേന ടോപോഗ്രാഫിക് സർവ്വേ വർക്കുകൾ നടത്തി, ആയത് പ്രകാരം നിലവിലുള്ള വടക്കാഞ്ചേരി റെയിൽവേ മേൽപ്പാലത്തിന്റെ തെക്കുഭാഗത്ത് കരുതക്കാട് ആയുർവേദ ആശുപത്രിക്ക് സമീപത്തുനിന്ന് ആരംഭിച്ച് അകമലയിൽ അവസാനിക്കുന്ന രീതിയിൽ ഡ്രാഫ്റ്റ് ഹൊറിസോണ്ടൽ അലൈൻമെന്റ് PWD ഹൈവേ ഡിസൈൻ യൂണിറ്റ് തയ്യാറാക്കി സമർപ്പിച്ചു കഴിഞ്ഞു. 5.586 കിലോമീറ്റർ നീളത്തിലും 23 മീറ്റർ വീതിയിലുമാണ് ബൈപ്പാസ് വിഭാവനം ചെയ്തിരിക്കുന്നത്. അകമലയ്ക്കടുത്ത് കാട്ടിലെ ഗേറ്റ് (പട്ടാണികാട്ടിലേക്ക് പോകുന്ന വഴിയുടെ ഭാഗം) പരിസരത്ത് റെയിൽവേ ലൈൻ ക്രോസ് ചെയ്ത് ബൈപ്പാസ് സംസ്ഥാനപാതയോട് ചേർക്കാനാണ് തത്ത്വത്തിൽ ധാരണയായിട്ടുളളത്. ഇവിടെ മേൽപ്പാലം നിർമ്മിക്കേണ്ടതുണ്ട്.

റെയിൽവേ ലൈന് കുറുകെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് സതേൺ റെയിൽവേയുടെ അനുമതി അത്യന്താപേക്ഷിതമായതിനാൽ നിർദിഷ്ട ബൈപ്പാസിലെ ഏറ്റവും പ്രധാനപ്പെട്ട നിർമ്മിതിയാണ് റെയിൽവേ മേൽപ്പാലം. മേൽപ്പാലത്തിന്റെ റെയിൽവേ ട്രാക്കിന് കുറുകെയുള്ള റെയിൽവേ സ്പാനിന്റെ ജനറൽ അറേഞ്ച്മെന്റ് ഡ്രോയിങ് (GAD) തയ്യാറാക്കി റെയിൽവേയിൽ നിന്ന് ആവശ്യമായ അനുമതികൾ നേടിയെടുക്കുന്നതിന് വേണ്ടി കേരള സർക്കാരിന്റെയും കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെയും സംയുക്ത സംരംഭമായ കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷനെ (KRDCL) കേരള റോഡ് ഫണ്ട് ബോർഡ് ചുമതലപ്പെടുത്തിയിട്ടുണ്ട്. GAD തയ്യാറാക്കുന്നതിന്റെ ഭാഗമായി ടോപ്പോഗ്രഫിക് സർവ്വേയും മണ്ണ് പരിശോധനയും KRDCL ആരംഭിച്ചിട്ടുണ്ട്. KRDCL 75 ദിവസത്തിനകം GAD തയ്യാറാക്കി സതേൺ റെയിൽവേക്ക് അംഗീകാരത്തിനായി സമർപ്പിക്കും.


എറണാകുളം-ഷൊർണൂർ സെക്ഷനിൽ പുതിയ ട്രാക്കുകൾ നിർമ്മിക്കാൻ റെയിൽവേ ഉദ്ദേശിക്കുന്നതിനാൽ മേൽപ്പാലത്തിന്റെ ഡിസൈനും അലൈൻമെൻ്റും തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ചില തടസ്സങ്ങൾ നേരിട്ടിരുന്നു. ഈ വിഷയത്തിൽ നിയമസഭയിൽ നിരന്തരം ഇടപെടുകയും, നിർവ്വഹണ ഏജൻസികളായ KRFB, KIIFB, KRDCL പ്രതിനിധികളുടെ ഉന്നതതല പ്രത്യേക യോഗം വിളിച്ചുചേർത്ത് ആവശ്യമായ നടപടികൾ സ്വീകരിക്കുകയും, സതേൺ റെയിൽവേ അധികൃതരുമായി ചർച്ച നടത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് തടസങ്ങൾ നീക്കി പദ്ധതി നടപടികൾ മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്നതെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ വ്യക്തമാക്കി. കെ. ആർ. എഫ്. ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷിബു കൃഷ്ണരാജ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ സജിത്ത് ഇ,ഐ, കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ  ( കെ - റെയിൽ ) സെക്ഷൻ എൻജിനീയർ മിഥുൻ ജോസഫ്, വടക്കാഞ്ചേരി നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ സി വി മുഹമ്മദ് ബഷീർ, കൗൺസിലർമാരായ പ്രദീപ് കെ.യു,എ. ഡി. അജി, വടക്കാഞ്ചേരി സഹകരണ ബാങ്ക് സെക്രട്ടറി കെ. പി. മദനൻ, എം.ജെ.ബിനോയ് പി. എൻ. അനിൽകുമാർ എന്നിവർ തദവസരത്തിൽ സന്നിഹിതരായിരുന്നു.

വടക്കാഞ്ചേരി വർത്തകളും വിശേഷങ്ങളും വേഗത്തിലറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവുക  👇

https://chat.whatsapp.com/DJqr0YravnI7T7msM8KXO8

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍