വാഴക്കോട്-പ്ലാഴി സംസ്ഥാന പാതയുടെ നിർമാണക്കരാർ തീരാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ ചെയ്തുതീർക്കാനുള്ളത് കുന്നോളം ജോലികൾ. ഒന്നര വർഷംമുമ്പ് തുടങ്ങിയ പണിയിൽ പൂർത്തിയായിരിക്കുന്നത് 65 ശതമാനം മാത്രമാണ്.
ഏപ്രിൽ 25-ന് പൂർത്തിയാക്കേണ്ട നിർമാണം നിലവിലെ സാഹചര്യത്തിൽ എന്ന് പൂർത്തീകരിക്കാനാകുമെന്ന് ആർക്കും പറയാൻ കഴിയാത്ത സ്ഥിതിയാണ്. കെ.എസ്.ടി.പി.യാണ് പണികൾ നടത്തുന്നത്. ഇ.കെ.കെ. ഇൻഫ്രാസ്ട്രക്ചറാണ് നിർമാണക്കരാർ ഏറ്റെടുത്തിരിക്കുന്നത്.
തുടക്കത്തിൽ വേഗത്തിൽ പോയിരുന്ന നിർമാണത്തിന് ക്രമേണ വേഗം കുറഞ്ഞു. നിർമാണത്തിന്റെ തുടക്കത്തിൽ നൂറുകണക്കിന് തൊഴിലാളികൾ ഉണ്ടായിരുന്നിടത്ത് ഇപ്പോൾ പേരിനുമാത്രമാണ് ആളുള്ളത്.
ഇതോടെ സമയബന്ധിതമായി പണികൾ പൂർത്തിയാക്കാനും കഴിയാത്ത സ്ഥിതിയായി. നിർമാണക്കമ്പനിക്ക് ബില്ല് മാറി പണം കൊടുക്കുന്നില്ലെന്നതാണ് പണി നീണ്ടുപോകാൻ പ്രധാന കാരണമായി പറയുന്നത്. ഒപ്പം നിർമാണസാമഗ്രികളുടെ ക്ഷാമവും. കോടതി നടപടികളും പ്രശ്നമാണ്. ഇതെല്ലാം പരിഹരിച്ചാൽ മാത്രമേ സംസ്ഥാന പാതയുടെ പണികൾക്ക് വേഗം വരൂ. പഴയന്നൂരിലെയും ചേലക്കരയിലെയും ടൗണുകളിലെ റോഡ് കോൺക്രീറ്റ് പണികൾ പകുതിപോലും പൂർത്തിയായിട്ടില്ല.
നാട്ടുകാർക്കും യാത്രക്കാർക്കും ദുരിതമൊഴിയുന്നില്ല
: റോഡുപണിമൂലം പ്രദേശത്തെ നാട്ടുകാർക്കും അതുവഴിയുള്ള യാത്രക്കാർക്കുമുണ്ടാകുന്ന ദുരിതം ചില്ലറയല്ല. ഓരോരോ കാര്യങ്ങളാൽ വാഹനങ്ങൾ മാസങ്ങളോളം വഴിതിരിച്ചുവിടുന്നതാണ് വലിയ ബുദ്ധിമുട്ട്. 105.12 കോടി രൂപ ചെലവഴിച്ച് നവീകരിക്കുന്ന 22.720 കിലോമീറ്റർ പാതയിൽ 42 കലുങ്കുകളും നാല് പാലങ്ങളും പുതുക്കിപ്പണിതു. മാസങ്ങളോളം ഗതാഗത തടസ്സം സൃഷ്ടിച്ചാണ് കലുങ്കുകളുടെ പണികൾ പൂർത്തിയാക്കിയത്. മഴക്കാലം എത്തുന്നതോടെ പണികൾ വീണ്ടും അനിശ്ചിതമായി നീളാൻ സാധ്യതയുണ്ട്. പഴയന്നൂർ ടൗണിലെ റോഡ് കോൺക്രീറ്റ് ഒരു വശം മാത്രമാണ് പൂർത്തിയായത്. കാനനിർമാണത്തിന്റെ കാര്യത്തിലും അനിശ്ചിതത്വം തുടരുന്നു. ദേവസ്വം ഭൂമി കൈയേറിയതായുള്ള പരാതികൾ കോടതിയുടെ നിരീക്ഷണത്തിലായത് നിർമാണത്തെ ബാധിക്കുമോയെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
ഇനിയുമേറെ ബാക്കി
: ചേലക്കര ടൗണിലെ കോൺക്രീറ്റ് പണികൾ പൂർത്തിയായിട്ടില്ല. ടൗൺ മുതൽ തോന്നൂർക്കര വരെയുള്ള നിർമാണം ഒരുവശം മാത്രമാണ് പൂർത്തിയാക്കാനായത്. ജലവിതരണ പദ്ധതിയുടെ പൈപ്പ് ലൈൻ മാറ്റുന്നതുമായി ബന്ധപ്പെട്ട പണികൾ പൂർത്തിയായാൽ മാത്രമേ തുടർന്നുള്ള ജോലികൾ നടത്താൻ സാധിക്കൂ.
പ്രാദേശിക കരാറുകാരെ ഏൽപ്പിച്ചിട്ടുള്ള 31 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ നിർമാണം മാത്രമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. പൂർത്തിയായ പണികളുടെ തുക മുഴുവൻ കെ.എസ്.ടി.പി. കരാറുകാർക്ക് നൽകിയിട്ടില്ല.
ഫണ്ടിന്റെ അപര്യാപ്തത മൂലം സംസ്ഥാനത്തെ കെ.എസ്.ടി.പി. പദ്ധതികൾ ഒട്ടാകെ സ്തംഭനാവസ്ഥയിലാണ്. ഇതാണ് വാഴക്കോട് - പ്ലാഴി സംസ്ഥാനപാതയുടെ നിർമാണത്തെയും ബാധിച്ചത്. പണിപൂർത്തീകരിക്കാൻ കൂടുതൽ സമയം അനുവദിക്കുന്ന കാര്യം തിരുവനന്തപുരം കെ.എസ്.ടി.പി. ചീഫ് എൻജിനീയറുടെ പരിഗണനയിലാണ്. മഴക്കാലമെത്തുന്നതോടെ പണികൾ മന്ദഗതിയിലാകും.
ആറുമാസത്തേക്ക് നീട്ടിക്കിട്ടുമെന്ന പ്രതീക്ഷയിലാണെന്ന് കെ.എസ്.ടി.പി. എൻജിനീയറിങ് വിഭാഗം അറിയിച്ചു.

.jpg)
0 അഭിപ്രായങ്ങള്‍