വാഴാനി അണക്കെട്ടിൽ ഇത്തവണ ജലനിരപ്പ് താഴുന്നത് ആശങ്കയുണ്ടാക്കുന്നു

 വടക്കാഞ്ചേരിയുടെയും പരിസരപ്രദേശങ്ങളുടെയും ദാഹം മാറ്റുന്ന വാഴാനി അണക്കെട്ടിൽ ഇത്തവണ ജലനിരപ്പ് താഴുന്നത് ആശങ്കയുണ്ടാക്കുന്നു.

പ്രദേശത്തെ ജലസ്ത്രോതസ്സുകളിൽ വെള്ളം താഴുമ്പോൾ കാർഷിക-കുടിവെള്ളക്ഷാമം ഒഴിവാക്കാൻ എല്ലാ വർഷവും വേനലിൽ വാഴാനിയിൽനിന്ന് വെള്ളം തുറന്നുവിടാറുണ്ട്. എന്നാൽ, ഇത്തവണ 18.12 ദശലക്ഷം ഘനമീറ്റർ സംഭരണശേഷിയുള്ള വാഴാനിയിൽ ശേഷിക്കുന്നത് 3.02 ദശലക്ഷം ഘനമീറ്റർ വെള്ളം മാത്രമാണ്. കഴിഞ്ഞ വർഷം ഇതേ ദിവസം 9.11 ദശലക്ഷം ഘനമീറ്റർ വെള്ളമുണ്ടായിരുന്നു.

ജില്ലയിലെ മറ്റെല്ലാ അണക്കെട്ടുകളും വർഷക്കാലത്ത് ജലവിതാനം പാരമ്യത്തിലെത്തിയതിനെത്തുടർന്ന് തുറന്നുവിട്ടപ്പോൾ വാഴാനി അണക്കെട്ടിൽമാത്രം വെള്ളം പാരമ്യത്തിലെത്തിയിരുന്നില്ല. ഇത്തവണ മാർച്ച് പത്തിന് കനാലിലേക്ക്‌ പത്തു ദിവസം 2.42 ദശലക്ഷം ഘനമീറ്റർ വെള്ളം കുടിവെള്ളത്തിനായി വിട്ടു. ഇനി പുഴയിലേക്ക്‌ അഞ്ചുദിവസം വെള്ളം വിട്ടാൽ പിന്നീട് വാഴാനി വെള്ളം ഏപ്രിൽ, മെയ് മാസങ്ങളിൽ തുറന്നുവിടാനുണ്ടാവില്ല. കേരള എൻജിനീയറിങ് ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിൽ അണക്കെട്ടിലെ എക്കൽ മുഴുവൻ 2018-ലെ പ്രളയത്തിൽ പുഴയിലേക്ക്‌ ഒലിച്ചുപോയിട്ടുണ്ടെന്നാണ് കണ്ടെത്തിയത്.

വാഴാനി അണക്കെട്ടിലെ മത്സ്യബന്ധനം വഴി കാക്കിനിക്കാട്ടുള്ള പട്ടികവർഗ കോളനി നിവാസികൾക്ക് സ്ഥിരം വരുമാനം ലഭിച്ചിരുന്നു. നിലവിൽ കാർപ്പ് ഇനത്തിലെ മത്സ്യങ്ങൾ നിക്ഷേപിക്കുന്നത് വനംവകുപ്പ് തടഞ്ഞു. ഇതോടെ ചെറുമീനുകൾ മാത്രമാണ് നിലവിൽ അണക്കെട്ടിലുള്ളത്. ഇതോടെ വാഴാനിയെ ആശ്രയിച്ചു കഴിഞ്ഞിരുന്ന ആദിവാസി വിഭാഗത്തിന്റെ അന്നംമുട്ടിയ സ്ഥിതിയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍