സാധാരണക്കാർ ചികിത്സ തേടിയെത്തുന്ന തൃശൂർ ഗവ.മെഡിക്കൽ കോളേജിൽ കൊവിഡ് പരിശോധന പോലും നടത്താൻ ജീവനക്കാരില്ലാത്ത സ്ഥിതിവിശേഷമാണ് ഉള്ളതെന്ന് വടക്കാഞ്ചേരി ബ്ലോക്ക് പ്രസിഡന്റ് ശ്രീ ജിജോ കുര്യൻ ചൊവ്വാഴ്ച വടക്കാഞ്ചേരിയിൽ പറഞ്ഞു.
ആരോഗ്യ സർവകലാശാല നിലവിലുള്ള ജില്ലയായിട്ടുപോലും കാർഡിയോളജി, നെഫ്‌റോളജി,ഗ്യാസ്ട്രോ തുടങ്ങിയ ഡിപ്പാർട്ടുമെന്റുകൾ ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രമാണ് പ്രവർത്തിക്കുന്നത്. ഇതുമൂലം രോഗികളുടെ ചികിത്സ വയ്കുകയും, മരണം വരെ സംഭവിക്കുകയും ചെയ്യുന്ന സാഹചര്യം നിലനിൽക്കുന്നു. ഈ ഡിപ്പാർട്ടുമെന്റുകളിലെ സേവനം ആഴ്‌ചയിൽ 6 ദിവസമാക്കി ഉയർത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കൊവിഡ് കാലത്ത് മെഡിക്കൽ കോളേജിൽ കോടിക്കണക്കിന് രൂപയുടെ ഭൗതീക സാഹചര്യങ്ങൾ ഒരുക്കിയിട്ടും സർക്കാർ അതിനാവശ്യമായ ജീവനക്കാരെ പോലും നിയമിക്കാതിരിക്കുകയാണ്.
ഒ.പി സമയം വെട്ടികുറച്ചതോടെ നൂറുക്കണക്കിന് രോഗികളാണ് നട്ടം തിരിയുന്നത്.
മെഡിക്കൽ കോളേജിന് യാതൊരു സുരക്ഷയും പരിശോധനകളും ഇല്ലെന്നതിന്റെ തെളിവാണ് ഹൗസ് സർജനിൽ നിന്ന് മയക്കു മരുന്ന് പിടികൂടിയ സംഭവം. മെഡിക്കൽ കോളേജിനെ മയക്കു മരുന്ന് ഹബ്ബായി മാറ്റിയിരിക്കുകയാണ്. മയക്കു മരുന്ന് വ്യാപാരത്തിലെ ഉന്നത ബന്ധങ്ങൾ പുറത്ത് കൊണ്ട് വരണമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് വടക്കാഞ്ചേരി മണ്ഡലം പ്രസിഡണ്ട് എ. എസ്. ഹംസ, ബ്ലോക്ക് സെക്രട്ടറി ശശി മംഗലം, മണ്ഡലം സെക്രട്ടറി അയ്യപ്പൻ കോർമത്ത് എന്നിവർ പങ്കെടുത്തു.
0 അഭിപ്രായങ്ങള്‍